മുഖം കൊടുക്കാതെ വിജയ്; ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ടിവികെ നേതാക്കൾ

സഹായത്തിനായി ആളുകൾ നിലവിളിച്ചപ്പോൾ വിജയ് അവഗണിച്ചെന്നും ആരോപണമുയരുന്നു
karoor stampede. Vijay reaction

മുഖം കൊടുക്കാതെ വിജയ്; ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ടിവികെ നേതാക്കൾ

Updated on

ചെന്നൈ: കരൂരിലെ ദുരന്തറാലി തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) ഭാവിയിലും കരിനിഴൽ വീഴ്ത്തിയപ്പോൾ ചെന്നൈയിലെ വസതിയിൽ ആർക്കും മുഖംകൊടുക്കാതെ വിജയ്. ദുരന്തമുണ്ടായ ഉടൻ കരൂരിൽ നിന്നു പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്കു മടങ്ങിയിരുന്നു താരം. വിജയ്‌യുടെ സാന്നിധ്യം ആൾക്കൂട്ട നിയന്ത്രണത്തിനും രക്ഷാ പ്രവർത്തനത്തിനും തടസമാകുമെന്നതിനാലാണ് അദ്ദേഹം മടങ്ങിയതെന്ന് ടിവികെ നേതൃത്വം വിശദീകരിക്കുന്നു. എന്നാൽ, ദുരന്തമുണ്ടായപ്പോൾ മുന്നിൽ നിന്നു നയിക്കാൻ കഴിയാത്തയാൾ എങ്ങനെ നേതാവാകുമെന്ന ചോദ്യമാണു വിമർശകർ ഉയർത്തുന്നത്.

ചെന്നൈയിലെ വസതിയിൽ കനത്ത സുരക്ഷയിലാണു താരം. വീടിനു മുന്നിലെ വഴികളിൽ ഗതാഗതം നിയന്ത്രിച്ചു. ഇവിടേക്ക് ആരാധകരടക്കം ആരെയും കടത്തിവിടുന്നില്ല. പൊതുജന രോഷം കണക്കിലെടുത്താണു നിയന്ത്രണമെന്നു പൊലീസ് പറഞ്ഞു.

കരൂർ വെസ്റ്റിലെ ടിവികെ ജില്ലാ കമ്മിറ്റി ഓഫിസ് രാത്രി അടച്ചിട്ടിരിക്കുകയാണ്. ജില്ലാ സെക്രട്ടറി വി.പി. മതിയഴകൻ ഉൾപ്പെടെ ഒരു നേതാവിനെയും ഫോണിൽ പോലും കിട്ടുന്നില്ല. മുതിർന്ന നേതാക്കളുടെയെല്ലാം ഫോണുകൾ സ്വിച്ച് ഓഫ്. മതിയഴകന്‍റെ ഭാര്യയ്ക്കും ദുരന്തത്തിൽ പരുക്കേറ്റെന്നാണു റിപ്പോർട്ട്. അപകടമുണ്ടായതോടെ ഭയന്ന ഭാരവാഹികൾ കുടുംബാംഗങ്ങളുമായി പ്രദേശത്തു നിന്നു കടന്നുകളഞ്ഞതായി അണികൾ പറയുന്നു.

ദുരന്തത്തിന്‍റെ തുടക്കത്തിൽ അണികളുടെ നിലവിളികൾ വിജയ് അവഗണിച്ചെന്നാണ് റാലിയിൽ ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ. മണിക്കൂറുകൾ വൈകിയാണു വിജയ് വന്നത്. ഏഴു മണിയോടെ താരം പ്രചാരണവാഹനത്തിലെത്തിയപ്പോൾ തിരക്ക് നിയന്ത്രണാതീതമായി പലരും മരങ്ങളിലും വീടുകളുടെ മേൽക്കൂരകളിലും വൈദ്യുതി പോസ്റ്റുകളിലും കയറി. വൈദ്യുതാഘാതമേറ്റുളള അപകടത്തിനു സാധ്യത മുന്നിൽക്കണ്ട് അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വിജയ്‌യുടെ ബസ് എത്തിയപ്പോൾ പരസ്പരം തിക്കിത്തിരക്കിയ അണികൾ താരത്തിന്‍റെ ശ്രദ്ധ ലഭിക്കാൻ ചെരിപ്പുകൾ എറിഞ്ഞു. ഇതിനിടെ, മരത്തിലും വൈദ്യുതി പോസ്റ്റിലും കയറിയ ചലർ കാനയിലേക്കു വീണു കുടുങ്ങി. മറ്റു ചിലർ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് എത്തിക്കാൻ പോലും സാധിച്ചില്ലെന്നും ഒരു ദൃക്സാക്ഷി പറഞ്ഞു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശിയെന്നും ആരോപണമുണ്ട്.

പ്രചാരണ വഴികളിൽ അണികൾ പിന്തുടരുന്നത് വിജയ് വിലക്കിയിരുന്നെങ്കിൽ ഇത്തരമൊരു അപകടമുണ്ടാവില്ലായിരുന്നെന്നാണ് മറ്റൊരു ദൃക്സാക്ഷിയുടെ പ്രതികരണം. സഹായത്തിനായി ആളുകൾ നിലവിളിച്ചപ്പോൾ വിജയ് അവഗണിച്ചെന്നും ഇവർ പറയുന്നു. അതിനിടെ, അന്വേഷണം പൂർത്തിയാകുന്നതു വരെ വിജയ്‌യുടെ റാലികൾക്കും പൊതുസമ്മേളനങ്ങൾക്കും വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കരൂർ ദുരന്തത്തിൽ പരുക്കേറ്റ സെന്തിൽ കണ്ണൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കരൂരിലുണ്ടായത് വെറുമൊരു അപകടമല്ല, മറിച്ച് ശരിയായ ആസൂത്രണമില്ലാത്തതിന്‍റെയും പൊതുസുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതിന്‍റെയും ഫലമാണെന്നു സെന്തിൽ കണ്ണൻ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com