എഐഎഡിഎംകെയില്‍ നിന്ന് ഒരു എംഎല്‍എ കൂടി രാജിവച്ചു; തെരഞ്ഞെടുപ്പിനുശേഷം ആറാമത്തെ രാജി

Karur MLA M.R. Vijayabhaskar submits resignation letter to Speaker J.C.D. Prabhakar

കരൂര്‍ എംഎല്‍എ എം.ആര്‍. വിജയഭാസ്‌കര്‍ സ്പീക്കര്‍ ജെ.സി.ഡി. പ്രഭാകര്‍ക്ക് രാജിക്കത്ത് നല്‍കുന്നു

Updated on

ചെന്നൈ: നാടകീയ നീക്കങ്ങള്‍ക്ക് അന്തിമമില്ലാതെ തമിഴ്‌നാട് രാഷ്ട്രീയം. കരൂര്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ എം.ആര്‍. വിജയഭാസ്‌കര്‍ എഐഎഡിഎംകെയില്‍ നിന്ന് രാജിവച്ചു. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ എത്തി വിജയഭാസ്‌കര്‍ സ്പീക്കര്‍ ജെ.സി.ഡി. പ്രഭാകര്‍ക്ക് രാജിക്കത്ത് നല്‍കി. സ്പീക്കര്‍ രാജി സ്വീകരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം എഐഡിഎംകെയില്‍ നിന്ന് രാജി വെക്കുന്ന ആറാമത്തെ എംഎല്‍എയാണ് വിജയഭാസ്‌കര്‍. രാജിവച്ചവരില്‍ നാലു പേര്‍ ഇതിനോടകം മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന ടിവികെയില്‍ ചേര്‍ന്നിരുന്നു. എം.ആര്‍. വിജയഭാസ്‌കറും ടിവികെയില്‍ ചേരുമെന്നാണ് സൂചന.

എം.ആര്‍. വിജയഭാസ്‌കറിന്റെ രാജിയോടെ നിയമസഭയില്‍ എഐഎഡിഎംകെയുടെ അംഗസംഖ്യ 41 ആയി ചുരുങ്ങി. സി. വിജയഭാസ്‌കര്‍, എം. കുമാരവേല്‍, എസ്. ജയകുമാര്‍, പി. സത്യഭാമ, ഇ. സുബ്ബയ്യ എന്നിവരാണ് മുന്‍പ് രാജിവച്ചത്. ഇവരില്‍ സി. വിജയഭാസ്‌കര്‍ ഒഴികെ മറ്റെല്ലാവരും ടിവികെയില്‍ ചേര്‍ന്നിരുന്നു. സി. വിജയഭാസ്‌കറും ടിവികെയില്‍ ചേരുമെന്നാണ് വിവരം.

ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറെടുപ്പുകള്‍ നടത്തിവരികെ ഒഴിവുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിനാണ് തമിഴ്‌നാട് ഇപ്പോള്‍ സാക്ഷ്യംവഹിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com