ഉത്തരവാദിത്തം പങ്കിട്ടു നൽകി കെജ്‌രിവാൾ; സർക്കാർ ഏകോപനം അതിഷിക്ക്

സുനിത കെജ്‌രിവാളിനെ നേതൃത്വത്തിലേക്കു പരിഗണിക്കുന്നത് കുടുംബാധിപത്യമെന്ന ആരോപണത്തിനു വഴിവയ്ക്കുമെന്നാണ് നേതൃത്വത്തിന്‍റെ ആശങ്ക.
അരവിന്ദ് കെജ്‌രിവാൾ, അതിഷി
അരവിന്ദ് കെജ്‌രിവാൾ, അതിഷി

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിലേക്കു മടങ്ങിയതോടെ രണ്ടാം നിര നേതൃത്വത്തിന് ചുമതലകൾ കൈമാറി ആംആദ്മി പാർട്ടി. ജനറൽ സെക്രട്ടറി സന്ദീപ് പഥകിനാണ് പാർട്ടിയുടെ ചുമതല. മന്ത്രി അതിഷി മർലേന ഡൽഹി സർക്കാരിന്‍റെ ഏകോപനം നിർവഹിക്കും. കെജ്‌രിവാളിന്‍റെ ഭാര്യ സുനിതയെ പാർട്ടിയുടെയും സർക്കാരിന്‍റെയും നേതൃത്വത്തിലേക്കു കൊണ്ടുവരുമെന്നു കരുതിയിരുന്നു. ജയിലിലായ കെജ്‌രിവാളിനു വേണ്ടി പുറത്ത് സമരം നയിച്ചതും സുനിതയായിരുന്നു. എന്നാൽ, തത്കാലം സുനിതയ്ക്ക് ഔദ്യോഗിക ചുമതലകളില്ല. സുനിതയെ നേതൃത്വത്തിലേക്കു പരിഗണിക്കുന്നത് കുടുംബാധിപത്യമെന്ന ആരോപണത്തിനു വഴിവയ്ക്കുമെന്നാണ് നേതൃത്വത്തിന്‍റെ ആശങ്ക. പാർട്ടിയിലും ഇതു ഭിന്നിപ്പുണ്ടാക്കും. മുതിർന്ന നേതാവ് സഞ്ജയ് സിങ്ങിനും പുതിയ ഉത്തരവാദിത്വങ്ങൾ നൽകിയില്ല. "ഇന്ത്യ' മുന്നണിക്ക് കേന്ദ്രത്തിൽ അധികാരം കിട്ടിയാൽ മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിക്കും.

ജാമ്യ കാലാവധി അവസാനിച്ച ഞായറാഴ്ചയാണു കെജ്‌രിവാൾ ജയിലിലേക്കു മടങ്ങിയത്.

ഇതിനു മുൻപ് മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന നേതാക്കളുടെ യോഗത്തിലാണു ചുമതലകൾ വീതിച്ചത്. ഡൽഹി എംഎൽഎമാരായ ദുർഗേഷ് പഥക്, സഞ്ജീവ് ഝാ, ദിലീപ് പാണ്ഡെ, സൗരഭ് ഭരദ്വാജ് എന്നിവർ പാർട്ടിയെ നയിക്കുന്നതിൽ സന്ദീപ് പഥക്കിനെ സഹായിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com