

അരവിന്ദ് കെജ്‌രിവാൾ
ന‍്യൂഡൽഹി: രാജ‍്യത്ത് പെട്രോൾ വില 102 രൂപയിൽ നിന്നും 82 രൂപയായി കുറയ്ക്കണമെന്ന് ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ആഗോള തലത്തിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും എണ്ണക്കമ്പനികൾക്ക് നിയമവിരുദ്ധമായ ലാഭമുണ്ടാക്കാൻ കേന്ദ്ര സർക്കാർ അവസരമൊരുക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.
ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും അതിന്‍റെ ഗുണം ഇന്ത‍്യയിലെ ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടില്ലെന്നും പെട്രോൾ വില മാസങ്ങളായി മാറ്റമില്ലാതെ തുടരുകയാണെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
രാജ‍്യത്തെ ഡീസലിന്‍റെ വിലയും കുറയ്ക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ‍്യപ്പെട്ടു. അസംസ്കൃത എണ്ണയുടെ വില 2014 മുതൽ ആഗോള തലത്തിൽ കുറഞ്ഞിട്ടും ഇന്ത‍്യയിൽ ഇന്ധന വില കുറഞ്ഞില്ലെന്നാണ് കെജ്‌രിവാൾ പറയുന്നത്. ഇന്ധന വില കുറയ്ക്കുന്നത് കൊണ്ട് പണപ്പെരുപ്പം കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.