മദ്രസയിൽ വന്ദേ മാതരം പാടിയാൽ ആകാശം ഇടിഞ്ഞുവീഴില്ല: കോടതി

മദ്രസകളിൽ വന്ദേ മാതരം നിർബന്ധമാക്കിയതിനെതിരായ പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് കോൽക്കത്ത ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസിന്‍റെ പരാമർശം
മദ്രസയിൽ വന്ദേ മാതരം പാടിയാൽ ആകാശം ഇടിഞ്ഞുവീഴില്ല: കോടതി

കോൽക്കത്ത ഹൈക്കോടതി

File

Updated on

കോൽക്കത്ത: മദ്രസകളിൽ വന്ദേ മാതരത്തിന്‍റെ ആറ് ഖണ്ഡിക പാടിയെന്നു വച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴില്ലെന്ന് കോൽക്കത്ത ഹൈക്കോടതി. മദ്രസകളിൽ വന്ദേ മാതരം നിർബന്ധമാക്കിയതിനെതിരായ പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് പരാമർശം.

ആയിരക്കണക്കിന് ക്രിസ്ത്യൻ സ്കൂളുകളിൽ എല്ലാ മത വിഭാഗങ്ങളിലുമുള്ള കുട്ടികളെക്കൊണ്ട് ക്രിസ്തീയ ഗാനങ്ങൾ പാടിക്കുന്നുണ്ട്. അതിനെ മറ്റേതെങ്കിലും മത വിഭാഗങ്ങൾ ചോദ്യം ചെയ്യുന്നുണ്ടോ എന്നും ആക്റ്റിങ് ചീഫ് ജസ്റ്റിസ് തപബ്രത ചക്രവർത്തി ചോദിച്ചു.

അതേസമയം, വന്ദേ മാതരത്തിന്‍റെ ആദ്യ രണ്ട് ഖണ്ഡിക മാത്രമാണ് ഭരണഘടന നിർദേശിച്ചിട്ടുള്ളതെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വികാസ് രഞ്ജൻ ഭട്ടാചാര്യ ചൂണ്ടിക്കാട്ടി. പിന്നെങ്ങനെ കേന്ദ്ര സർക്കാരിന് ആറ് ഖണ്ഡിക നിർബന്ധമാക്കിക്കൊണ്ട് നിർദേശം പുറപ്പെടുവിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

എന്നാൽ, വന്ദേ ഭാരതം നിർബന്ധമാക്കിയ നിർദേശം നടപ്പാക്കിയിട്ടില്ലെന്നും, ഇതു പാടാത്തതിന്‍റെ പേരിൽ ആർക്കെതിരേയും നടപടിയെടുത്തിട്ടില്ലെന്നും കോടതി പറഞ്ഞു.

പൊതുതാത്പര്യ ഹർജികളുടെ അടിസ്ഥാനം തന്നെ ചോദ്യം ചെയ്യുന്ന ഹർജികളാണ് വന്ദേ മാതരത്തിനെതിരേ കോടതിയിൽ വരുന്നതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ധീരജ് കുമാർ ത്രിവേദി വാദിച്ചു.

logo
Metro Vaartha
www.metrovaartha.com