കൂടംകുളം ആണവ നിലയത്തിലെ സുപ്രധാന രേഖകൾ ചോർ‌ന്നു; 8.5 ലക്ഷം ഫയലുകൾ ഡാർക് വെബിൽ, അന്വേഷണം

ആണവ പ്ലാന്റിന്റെ കരാറുകാരിൽ ഒരാളായ റിലയൻസ് കരാർ നൽകിയ ഡേറ്റ സെന്‍ററിൽനിന്നാണ് വിവരങ്ങൾ ചോർന്നത്
Kudankulam nuclear files leak: 8.5 lakh documents on dark web, cyber probe begins

കൂടംകുളം ആണവ നിലയത്തിലെ സുപ്രധാന രേഖകൾ ചോർ‌ന്നു; ഡാർക് വെബിൽ, അന്വേഷണം

Updated on

ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയമായ കൂടംകുളം ആണവനിലയത്തിലെ സുപ്രധാന ഫയലുകൾ ഡാർക്ക് വെബിൽ ചോർന്നതായി ആരോപണം. ആണവ പ്ലാന്റിന്റെ കരാറുകാരിൽ ഒരാളായ റിലയൻസ് കരാർ നൽകിയ ഡേറ്റ സെന്‍ററിൽനിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തത്. 8,58,000 ഫയലുകളാണ് ഡാർക് വെബിൽ ചോർന്നത്. ഇതിൽ 19,000 എണ്ണം സുപ്രധാന ഫയലുകളാണ് എന്നാണ് റിപ്പോർട്ടുകൾ.

2016നും 2025നും ഇടയിലുള്ളതാണ് രേഖകൾ. ഇതിൽ ബ്ലൂപ്രിന്റുകൾ, വിതരണക്കാരുടെ വിവരങ്ങൾ, യോഗങ്ങളുടെയും പരിശോധനകളുടെയും റെക്കോർഡുകൾ, ഉപകരണങ്ങളുടെ അവലോകനങ്ങൾ, ഇൻഷുറൻസ് പോളിസികൾ എന്നിവ ഉൾപ്പെടുന്നു. ഫയൽ ചോർന്ന വിവരം റിലയൻസ് സ്ഥിരീകരിച്ചു. ഇന്ത്യൻ ഡേറ്റാ സെന്റർ സേവന ദാതാവായ 'യോട്ട' ഹോസ്റ്റ് ചെയ്ത സെർവറിൽ നിന്ന് തങ്ങളുടെ ഡേറ്റ ഭാഗികമായി ചോർന്നു എന്നാണ് റിലയൻസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞത്. ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. എന്നാൽ ഏതൊക്കെ ഫയലുകളാണ് ചോർന്നത് എന്നകാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

റഷ്യയുമായി ചേർന്നാണ് ആണവനിലയം വികസിപ്പിച്ചത്. 1000 മെഗാവാട്ട് വീതം ഉൽപാദിപ്പിക്കുന്ന രണ്ട് യൂണിറ്റുകൾ നിലവിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നാല് യൂണിറ്റുകൾ കൂടി 2027ഓടെ പൂർത്തിയാകും. ഇതിൽ ആദ്യത്തെ രണ്ട് യൂണിറ്റുകൾ റിലയൻസ് ഗ്രൂപ്പിന്റെ ഉപകമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ആണ് നിർമിക്കുന്നത്. ഇന്ത്യയുടെ പ്രധാന സൈബർ സുരക്ഷാ ഏജൻസിയായ 'ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം’ ഇതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com