പിഎസ്എൽവി നിർമാണം ഇനി സ്വകാര്യ കമ്പനികൾക്ക്

സാങ്കേതിക വിദ്യ പൂർണമായി കൈമാറാൻ ഐഎസ്ആർഒ തീരുമാനം
PSLV construction to be handed over to private companies

പിഎസ്എൽവി  നിർമാണം ഇനി സ്വകാര്യ കമ്പനികൾക്ക്

Updated on

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ തങ്ങളുടെ ഏറ്റവും വിശ്വസ്തവും അഭിമാനകരവുമായ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV) റോക്കറ്റിന്‍റെ സാങ്കേതിക വിദ്യ സ്വകാര്യ കമ്പനികൾക്ക് പൂർണമായി കൈമാറാൻ ഒരുങ്ങുന്നു.

ആഗോള ബഹിരാകാശ വിപണിയിലെ വർധിച്ചു വരുന്ന ആവശ്യങ്ങൾ മുൻനിർത്തിയാണ് ഇന്ത്യയുടെ ബഹിരാകാശ നിയന്ത്രണ ഏജൻസിയായ ഇൻ-സ്പേസ് (IN-SPACe) തദ്ദേശീയ സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യ പത്രം ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ സ്വകാര്യവത്കരണ പ്രക്രിയ വേഗത്തിലാക്കുന്നതിൽ നിർണായക ചുവടുവയ്പാണ് ഈ തീരുമാനം.

സ്വകാര്യ കമ്പനികൾക്ക് സാങ്കേതിക വിദ്യ സുഗമമായി സ്വാംശീകരിക്കുന്നതിനായി ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒയുടെ ഭാഗത്തു നിന്നും വലിയ പിന്തുണ ലഭ്യമാക്കും. കരാർ ലഭിക്കുന്ന കമ്പനിക്ക് ആദ്യത്തെ രണ്ടു പിഎസ്എൽവി റോക്കറ്റുകൾ വിജയകരമായി നിർമിച്ച് വിക്ഷേപിക്കുന്നത് വരെയോ അല്ലെങ്കിൽ 30 മാസത്തെ നിശ്ചിത കാലയളവിലോ ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സഹായങ്ങളും ഐഎസ്ആർഒ നേരിട്ട് നൽകും.

ഐഎസ്ആർഒയുടെ ഏറ്റവും ചെറിയ വിക്ഷേപണ വാഹനമായ എസ്എസ്എൽവി യുടെ സാങ്കേതികവിദ്യ നേരത്തെ എച്ച്എഎല്ലിന് കൈമാറിയതിനു പിന്നാലെയാണ് ഇപ്പോൾ പിഎസ്എൽവിയും സ്വകാര്യ മേഖലയിലേയ്ക്ക് എത്തുന്നത്.

എന്നിരുന്നാലും അതീവ സുരക്ഷയും പരിചയസമ്പത്തും ആവശ്യമുള്ള മേഖലയായതിനാൽ കടുത്ത നിബന്ധനകളോടെ മാത്രമായിരിക്കും സാങ്കേതിക വിദ്യ കൈമാറുക. ബഹിരാകാശ രംഗത്ത് കുറഞ്ഞത് അഞ്ചു വർഷത്തെയെങ്കിലും പ്രവർത്തന പരിചയമുള്ള ഇന്ത്യൻ കമ്പനികൾക്കു മാത്രമേ ഇതിനായി അപേക്ഷിക്കാൻ സാധിക്കൂ.

കൂടാതെ അപേക്ഷിക്കുന്ന കമ്പനിയുടെ വാർഷിക വിറ്റുവരവ് 400 കോടി രൂപയ്ക്കു മുകളിലായിരിക്കണം, അല്ലെങ്കിരൽ കമ്പനിയുടെ ആകെ മൂല്യം 1000 കോടി രൂപയിൽ കുറയരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകളും ഇൻ-സ്പേസ് മുന്നോട്ടു വച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com