ഇന്ത്യ-യുഎസ് ബന്ധത്തില്‍ മറ്റുള്ളവര്‍ക്ക് അസൂയ

മോദിയെ കാണാന്‍ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് ഗോര്‍
 Trump wants to meet Modi, says Gore

മോദിയെ കാണാന്‍ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് ഗോര്‍

Updated on

വാഷിങ്ടണ്‍: ഡിസംബറില്‍ ജി-20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്ന ലോകനേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനം മുന്‍നിരയിലാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ പറഞ്ഞു. ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി ഫ്‌ളോറിഡയിലെത്തുമ്പോള്‍ വിപുലമായ കൂടിക്കാഴ്ചയ്ക്ക് കൂടി വഴിയൊരുങ്ങുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ഗോര്‍ വ്യക്തമാക്കി. അതേസമയം മോദിയും ട്രംപും തമ്മില്‍ പ്രത്യേക ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.

2027-ല്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനുള്ള സാധ്യതയെക്കുറിച്ചും ഗോര്‍ സൂചന നല്‍കി. 2020-ലെ ഇന്ത്യാ സന്ദര്‍ശനം ട്രംപിന് ഇപ്പോഴും മധുരമുള്ള ഓര്‍മയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, ഇവിടുത്തെ ജനങ്ങളുമായുള്ള കൂടിക്കാഴ്ചകളും പ്രധാനമന്ത്രി മോദിയുമായുള്ള ബന്ധവും ട്രംപ് ഓര്‍ക്കാറുണ്ടെന്ന് യുഎസ് അംബാസഡര്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതില്‍ മറ്റ് പല രാജ്യങ്ങള്‍ക്കും അസൂയയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍ദ്ദിഷ്ട ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച് സംസാരിക്കവെ, ഇരുപക്ഷവും കരാറിലെത്തുന്നതിന് തൊട്ടടുത്താണെന്ന് അദ്ദേഹം സൂചിപ്പിച്ചു. നിര്‍ദ്ദിഷ്ട കരാര്‍ ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമാണെന്ന് വിശേഷിപ്പിച്ച ഗോര്‍, ഇതുവഴി സൃഷ്ടിക്കപ്പെടാവുന്ന സാമ്പത്തിക അവസരങ്ങളെക്കുറിച്ച് ന്യൂഡല്‍ഹിക്കും വാഷിങ്ടണിനും ബോധ്യമുണ്ടെന്നും പറഞ്ഞു. ഇന്ത്യയും അമെരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം നിലവില്‍ ഏകദേശം 240 ബില്യണ്‍ ഡോളറാണ്. വരും വര്‍ഷങ്ങളില്‍ ഇത് 500 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

logo
Metro Vaartha
www.metrovaartha.com