"അച്ഛന് നൽകിയത് വൃത്തികെട്ട വൃക്കയെന്ന് ആരോപിച്ചു"; കുടുംബത്തിനെതിരേ ലാലുവിന്‍റെ മകൾ

ബിഹാർ തെരഞ്ഞെടുപ്പിൽ വെറും 25 സീറ്റ് മാത്രമാണ് ആർജെഡിക്ക് ലഭിച്ചത്.
Lalu prasad yadav's daughter against family

ലാലു പ്രസാദ് യാദവിനൊപ്പം രോഹിണി

Updated on

പറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു തൊട്ടു പിന്നാലെ ലാലു പ്രസാദ് യാദവിന്‍റെ കുടുംബപ്രശ്നം രൂക്ഷമാകുന്നു. ലാലുവിന്‍റെ മകൾ രോഹിണി ആചാര്യയാണ് സമൂഹമാധ്യമങ്ങളിലൂടെ കുടുംബത്തിനെതിരേ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. ശനിയാഴ്ച താൻ രാഷ്ട്രീയത്തിൽ നിന്നും കുടുംബത്തിൽ നിന്നും വിട്ടു പോകുന്നുവെന്ന് രോഹിണി പ്രഖ്യാപിച്ചിരുന്നു. അതിനു പുറകേയാണ് എക്സിലൂടെ ദീർഘമായ കുറിപ്പുകൾ പുറത്തു വിട്ടിരിക്കുന്നത്. ലാലു പ്രസാദ് യാദവിനെ രോഹിണി സ്വന്തം വൃക്ക ദാനം ചെയ്തിരുന്നു. അതിന്‍റെ പേരിൽ പോലും താൻ ശപിക്കപ്പെട്ടുവെന്നും വൃത്തി കെട്ട വൃക്ക നൽകി കോടികൾ സ്വന്തമാക്കിയെന്ന് ആരോപിച്ചുവെന്നും രോഹിണി പറയുന്നു.

ഇന്നലെ, ഒരു മകൾ, ഒരു സഹോദരി, ഒരു വിവാഹിതയായ പെൺകുട്ടി, ഒരമ്മ അപമാനിക്കപ്പെട്ടു, നീചമായി ഉപദ്രവിക്കപ്പെട്ടു, അവൾക്കെതിരേ ചെറിപ്പെറിഞ്ഞു. ആത്മാഭിമാനത്തിൽ ഒരു തരത്തിലുള്ള നീക്കുപോക്കിനും ഞാൻ തയാറല്ല. സത്യത്തെ അടിയറവ് വയ്ക്കില്ല, അതു കൊണ്ടൊക്കെയാണ് ഞാനിത്തരത്തിൽ അപമാനിക്കപ്പെട്ടത് എന്നാണ് രോഹിണി കുറിച്ചിരിക്കുന്നത്.

ഇന്നലെ ഒരു മകൾക്ക് അവളുടെ കരയുന്ന മാതാപിതാക്കളെയും സഹോദരിമാരെയും നിർബന്ധിതമായി ഉപേക്ഷിച്ചു പോകേണ്ടി വന്നു. അവരെന്നെ എന്‍റെ അമ്മ വീട്ടിൽ നിന്നും അകറ്റി... അവരെന്നെ അനാഥരാക്കി.. ഇനിയാരും എന്‍റെ പാതയിലൂടെ നടക്കാതിരിക്കട്ടെ, ഒരു കുടുംബത്തിലും രോഹിണിയെപ്പോലെ ഒരു മകൾ‌- സഹോദരി പിറക്കാതിരിക്കട്ടെ എന്നും വികാരനിർഭരമായി രോഹിണി കുറിച്ചിട്ടുണ്ട്.

ഇന്നലെ വൃത്തികെട്ടവളെന്ന് ഞാൻ ശപിക്കപ്പെട്ടു, എന്‍റെ പിതാവിന് നൽകിയ വൃക്ക വൃത്തി കെട്ടതാണെന്നും അതിന്‍റെ പേരിൽ കോടിക്കണക്കിന് രൂപയും മത്സരിക്കാനുള്ള ടിക്കറ്റും സ്വന്തമാക്കിയെന്നും ആരോപിച്ചു.. രോഹിണി കുറിക്കുന്നു.

നിങ്ങളുടെ വീട്ടിൽ ഒരു മകനോ സഹോദരനോ ഉണ്ടെങ്കിൽ നിങ്ങളുടെ ദൈവ തുല്യനായ പിതാവിനെ രക്ഷിക്കാൻ ശ്രമിക്കാതിരിക്കുക, പകരം നിങ്ങളുടെ സഹോദരനോടോ അവിടത്തെ മകനോടോ അവരുടെ സ്വന്തം വൃക്കയോ അല്ലെങ്കിൽ ഹരിയാനക്കാരായ സുഹൃത്തുക്കളുടെ വൃക്കയോ ദാനം ചെയ്യാൻ ആവശ്യപ്പെടുക എന്നതാണ് എല്ലാ പെൺമക്കളോടും സഹോദരിമാർക്കും നൽകാനുള്ള സന്ദേശം എന്നും രോഹിണ‌ി എഴുതിയിട്ടുണ്ട്.

ബിഹാർ തെരഞ്ഞെടുപ്പിൽ വെറും 25 സീറ്റ് മാത്രമാണ് ആർജെഡിക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാനാകാതെ തേജസ്വി യാദവും വിശ്വസ്തരായ സഞ്ജയ് യാദവും റമീസ് അലാമും ചേർന്ന് തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയെന്ന് രോഹിണി ആരോപിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com