

പ്രധാനമന്ത്രി നരേന്ദ്ര മോദി, അസ്ഗരളി വോഹ്ര
ന്യൂഡൽഹി: വർഷങ്ങളായി നീളുന്ന ഭൂമു തർക്കത്തിൽ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട സ്കൂൾ സഹപാഠി. 81 വയസുള്ള അസ്ഗരളി വോഹ്രയാണ് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഗുജറാത്തിലെ വഡനഗറിലെ ബിഎൻ സ്കൂളിലാണ് വോഹ്രയും മോദിയും ഒരുമിച്ച് പഠിച്ചത്. സെപ്റ്റംബർ 8നായിരുന്നു കൂടിക്കാഴ്ച. മുംബൈയിലെ ഭയന്ദേർ ഈസ്റ്റിലുള്ള സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം.
കഴിഞ്ഞ പത്തു വർഷമായി പ്രശ്നം പരിഹരിക്കാനായി പൊലീസ് ഉൾപ്പെടെയുള്ളവരുടെ സഹായം തേടിയെങ്കിലും ഫലം കണ്ടില്ലെന്നാണ് വോഹ്രയുടെ ആരോപണം. നവ്ഗറിലെ 2810 ചതുരശ്ര മീറ്റർ വരുന്ന ഭൂമി 1989ൽ കരാർ രജിസ്റ്റർ ചെയ്താണ് വാങ്ങിയതെന്ന് വോഹ്ര പറയുന്നു. പക്ഷേ 2011ൽ ഈ ഭൂമിയിലേക്ക് സ്വയം ബിൽഡേഴ്സ്, സെവൻ ഇലവൻ കൺസ്ട്രക്ഷൻസ് എന്നിവർ കടന്നു കയറിയെന്നാണ് ആരോപണം. ഭൂമിയുമായി ബന്ധപ്പെട്ട് ഈ കമ്പനികൾ വ്യാജ രേഖകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും വോഹ്ര പറയുന്നു.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സംസാരിച്ചതിനു പിന്നാലെ വിഷയത്തിൽ പ്രാദേശിക ഭരണകൂടം അടിയന്തരമായി നടപടി സ്വീകരിച്ചിട്ടുണ്ട്. 16ന് നടക്കുന്ന ഹിയറിങ്ങിൽ പങ്കെടുക്കാൻ ആരോപണ വിധേയരായ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി എംഎൽഎ ആയ നരേന്ദ്ര മെഹ്തയും കമ്പനികളും തമ്മിൽ ബന്ധമുണ്ടെന്നും വോഹ്ര ആരോപിക്കുന്നുണ്ട്. വിഷയത്തിൽ 2015ലാണ് പൊലീസ് ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത്.