കാട്ടിൽ ഒളിവിൽ കഴിയവെ വെടിയേറ്റ മുറിവ് ഉണക്കാൻ ലഷ്‌കർ കമാൻഡർ മൂസ ഉപയോഗിച്ചത് തേൻ

പൂഞ്ച്, രജൗരി വനമേഖലകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂസ പ്രദേശം സുരക്ഷാസേന വളഞ്ഞതിനാൽ ചികിത്സ ലഭിക്കാതിരുന്ന കാരണം മുറിവുകളിൽ തേൻ പുരട്ടുകയായിരുന്നു
Hashim Moosa

ഹാഷിം മൂസ

Updated on: 

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്‍റെ മുഖ്യ ആസൂത്രകരിൽ ഒരാളായ ലഷ്‌കർ-ഇ-തൊയ്ബ ഭീകരസംഘടനയുടെ കമാൻഡർ മുഹമ്മദ് ആസിഫ് എന്ന ‘ഹാഷിം മൂസ’ വെടിയേറ്റ മുറിവുകൾ ഉണക്കാൻ കാട്ടിൽ ആയുർവേദ ചികിത്സാരീതി പ്രകാരം ശുദ്ധമായ തേൻ ഉപയോഗിച്ചിരുന്നതായി അധികൃതർ. പാക്കിസ്ഥാൻ സൈന്യത്തിലെ എലൈറ്റ് സ്പെഷൽ സർവീസസ് ഗ്രൂപ്പിലെ (എസ്എസ്ജി) മുൻ കമാൻഡോയാണ് മൂസ.

ഈ ആഴ്ച ആദ്യം മധ്യ കശ്മീരിലെ ബഡ്ഗാം ജില്ലയിലെ യൂസ്മാർഗിൽ സൈന്യം നടത്തിയ അതീവ ദുഷ്കരമായ നീക്കത്തിലാണ് മൂസ കൊല്ലപ്പെട്ടത്. ജമ്മു മേഖലയിലെ രജൗരിയിലെ ദൊറിമൽ-ഗംഭീർ മുഗ്ല മേഖലയിൽ ‘ഓപ്പറേഷൻ ഷെറുവാലി’ക്കിടെ നടന്ന ഏറ്റുമുട്ടലിലാണ് മൂസയ്ക്ക് വെടിയേറ്റതെന്ന് അധികൃതർ പറഞ്ഞു.

പൂഞ്ച്, രജൗരി വനമേഖലകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂസ പ്രദേശം സുരക്ഷാസേന വളഞ്ഞതിനാൽ ചികിത്സ ലഭിക്കാതിരുന്ന കാരണം മുറിവുകളിൽ തേൻ പുരട്ടുകയായിരുന്നു. മുറിവുകൾ വേഗത്തിൽ ഉണങ്ങാനും അണുബാധ തടയാനുമുള്ള തേനിന്‍റെ ആയുർവേദ ഗുണങ്ങൾ ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.

സെപ്റ്റംബർ ആദ്യയാഴ്ച യൂസ്മാർഗിൽ വച്ച് മൂസയുടെ കൂട്ടാളിയായ യാസിർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇയാളിൽ നിന്ന് കണ്ടെടുത്ത ഫോണിലാണ് തേൻ പുരട്ടിയ മൂസയുടെ മുറിവുകളുടെ ചിത്രങ്ങൾ കണ്ടെത്തിയത്. മൂസയുടെ ആരോഗ്യനില പാക്കിസ്ഥാനിലെ കമാൻഡർമാരെ അറിയിക്കുന്നതിനായി ചിത്രങ്ങൾ അതിർത്തിക്കപ്പുറത്തേക്ക് അയച്ചിരുന്നതായും അധികൃതർ പറഞ്ഞു. മൂസയുടെ മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ ശുദ്ധമായ തേൻ തന്നെ ഉപയോഗിക്കണമെന്ന് പാക്കിസ്ഥാനിലെ കമാൻഡർമാർ നിർദേശം നൽകിയിരുന്നതായും അധികൃതർ വ്യക്തമാക്കി.

2025ലെ പഹൽഗാം ആക്രമണം ഉൾപ്പെടെ 12ഓളം ഭീകരാക്രമണങ്ങളിൽ മൂസ പ്രതിയാണ്. ബൈസരൺ താഴ്‌വരയിൽ നടന്ന പഹൽഗാം ആക്രമണത്തിൽ വിനോദസഞ്ചാരികളായ 26 പേർ കൊല്ലപ്പെട്ടിരുന്നു.

മുറിവ് ചികിത്സയിൽ തേനിന്‍റെ പങ്ക്

മൂസ കാട്ടിൽ അതിജീവിക്കാൻ സ്വീകരിച്ച മാർഗം മുറിവ് പരിചരണത്തിലെ ആയുർവേദ ചികിത്സാ രീതികളുമായി ബന്ധപ്പെട്ടതാണെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു. മുറിവ് ചികിത്സയിൽ തേനിന് പ്രധാന സ്ഥാനമുണ്ടെന്ന് ആൾ ഇന്ത്യ ഡോക്റ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ പ്രസിഡന്‍റ് ഡോ. ആർ.പി. പരാശർ പറഞ്ഞു. എന്നാൽ വെടിയേറ്റ മുറിവുകളുടെ ചികിത്സയിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ഡോ. പരാശർ മുന്നറിയിപ്പ് നൽകി. വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ മുറിവിനുള്ളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അത് മുറിവ് ഉണങ്ങുന്നതിനെ തടസപ്പെടുത്താം. അണുബാധ ഒഴിവാക്കാൻ വൈദ്യശാസ്ത്രപരമായി അണുവിമുക്തമാക്കിയ മെഡിക്കൽ ഗ്രേഡ് തേൻ മാത്രമേ ചികിത്സയിൽ ഉപയോഗിക്കാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com