

ജസ്റ്റിസ് സൂര‍്യ കാന്ത്
ന‍്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര‍്യകാന്തിനെതിരേ അധിക്ഷേപ പരാമർശം നടത്തി നിയമ വിദ‍്യാർഥികൾ. ലഖ്നൗ സർവകലാശാലയിലെ വിദ‍്യാർഥികളായ പ്രഭാൽ പ്രതാപ് സിങ്, ചന്ദർ ഭാൻ എന്നിവരാണ് അധിക്ഷേപ പരാമർശം നടത്തിയത്. ഇതേത്തുടർന്ന് ഡൽഹി പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
ജൂലൈ 10നാണ് വിഷയത്തിനാസ്പദമായ സംഭവം നടക്കുന്നത്. സ്വന്തം കേസിൽ ഹാജരായ ഇരുവരും ലഖ്നൗ എസ്പിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്ന് സുപ്രീം കോടതിയോട് ആക്രോശിക്കുകയായിരുന്നു.
ഇതോടെ കോടതിയോട് ഉത്തരവിടുകയാണോയെന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥൻ പ്രതികരിച്ചു. ഇതിനു പിന്നാലെ പ്രഭാൽ ജസ്റ്റിസിനെതിരേ അധിക്ഷേപ പരാമർശം നടത്തുകയും കൈയിലുണ്ടായിരുന്ന പേപ്പറുകൾ ജഡ്ജിമാർക്കെതിരേ വലിച്ചെറിയുകയുമായിരുന്നു. ജസ്റ്റിസ് കെ.വി. വിശ്വനാഥൻ ഉൾപ്പെടുന്ന ബെഞ്ച് ഇവർക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കിലും സുപ്രീം കോടതിയിലെ സുരക്ഷാ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് കേസെടുക്കുകയായിരുന്നു.