

ഹാരി ബോക്സർ
ന്യൂഡൽഹി: കുപ്രസിദ്ധ ഗൂണ്ടാ നേതാവും ലോറൻസ് ബിഷ്ണോയിയുടെ അനുയായിയുമായ ഹാരി ബോക്സർ എന്ന ഹരിചന്ദ് ജാട്ട് യുഎസിൽ പിടിയിൽ. വെള്ളിയാഴ്ച രാത്രി കാലിഫോർണിയയിൽ വച്ചാണ് ഇയാളെ യുഎസ് അധികൃതർ പിടികൂടിയത്.
ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ, ഹരിയാന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് എന്നിവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുംബൈയിൽ ബോളിവുഡ് ഡയറക്റ്റർ രോഹിത് ഷെട്ടിയുടെ വീടിന് നേർക്ക് വെടിവയ്പ്പ് ഉണ്ടായതിനു പിന്നാലെ ഹാരി ബോക്സറുടെ നീക്കങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. ഹാരിയെ ഇന്ത്യയിൽ എത്തിക്കാൻ സിബിഐ മുഖേനെ നീക്കങ്ങൾ ആരംഭിക്കുമെന്നാണ് സൂചന.
ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ, നടൻമാരായ രൺവീർ സിങ്, തുഷാർ കപൂർ തുടങ്ങിയ പ്രമുഖരെ ഹാരി ബോക്സർ ഭീഷണിപ്പെടുത്തിയിരുന്നു. ബോളിവുഡ് ഹാസ്യതാരം കപിൽ ശർമയുടെ ക്യാനഡയിലെ കഫേയ്ക്ക് നേരെ വെടിവയ്പ്പ് നടത്തിയ കേസിലും ഹാരി ബോക്സർ പ്രതിയാണ്. കഴിഞ്ഞമാസം നടൻ ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവയ്പ്പിൽ ആയുധങ്ങൾ വിതരണം ചെയ്തുവെന്നതിലും ഹാരിക്ക് ബന്ധമുണ്ട്.
രാജസ്ഥാൻ സ്വദേശിയായ ഹാരി ബോക്സർ ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ വിദേശത്തെ പ്രവർത്തനം നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ആളാണ്. ജയ്പുരിൽ താമസിക്കുന്ന കാലത്ത് ബോക്സിങ് പഠിച്ചതോടെയാണ് ഹാരി ബോക്സർ എന്ന പേര് ലഭിച്ചത്. ചെറിയ അടിപിടിയിലൂടെ ക്രിമിനൽ രംഗത്തേക്ക് എത്തിയ ഹാരി വൈകാതെ കവർച്ച, വധശ്രമം തുടങ്ങിയവയിലേക്ക് കടന്നു. ജയ്പൂർ, ആൽവാർ, സികർ, ധോൽപൂർ, കരൗലി തുടങ്ങി ഇന്ത്യയിലെ വിവിധ ജില്ലകളിലായി 10ലധികം കേസുകൾ ഇയാൾക്കെതിരെയുണ്ട്. 2022ലാണ് ഇയാൾ യുഎസിലേക്ക് കടന്നത്.