ലഖ്നൗ-കാൺപൂർ എക്സ്പ്രസ് വേ തകർച്ച; മൂന്ന് എൻജിനീയർമാർക്ക് വിലക്ക്

രണ്ട് സ്വതന്ത്ര എൻജിനീയർമാരെയും നിർമാണ ഏജൻസിയിലെ ഒരു മെയിന്‍റനൻസ് എൻജിനീയറെയുമാണ് ഡിബാർ ചെയ്തത്
Cracks formed on the Lucknow-Kanpur Greenfield National Elevated Expressway (File photo)

ലഖ്നൗ-കാൺപൂർ ഗ്രീൻഫീൽഡ് നാഷണൽ എലിവേറ്റഡ് എക്സ്പ്രസ് വേയിൽ രൂപപ്പെട്ട വിള്ളലുകൾ (ഫയൽ ചിത്രം)

Updated on

ഉന്നാവോ: ഗതാഗതത്തിന് തുറന്ന് ഒരു മാസം തികയുന്നതിനു മുൻപ് ലഖ്നൗ-കാൺപൂർ എക്സ്പ്രസ് വേയിൽ വീണ്ടും റോഡിന്‍റെ ഉപരിതലത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ മൂന്ന് എൻജിനീയർമാരെ ഡിബാർ ചെയ്തു. രണ്ട് സ്വതന്ത്ര എൻജിനീയർമാരെയും നിർമാണ ഏജൻസിയിലെ ഒരു മെയിന്‍റനൻസ് എൻജിനീയറെയുമാണ് ഡിബാർ ചെയ്തത്.

ഏകദേശം 4,200 കോടി രൂപ ചെലവിൽ നിർമിച്ച എക്സ്പ്രസ് വേ ജൂലൈ 13ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും ചേർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തിരുന്നു. ജൂലൈ 14 മുതൽ ഗതാഗതത്തിന് തുറന്നുകൊടുത്തു. എന്നാൽ ഇതിനു പിന്നാലെ റോഡ് തകരുകയായിരുന്നു. ഉന്നാവോ ജില്ലയിലെ കോറാരി പ്രദേശത്ത് പാലത്തിനു സമീപത്തെ റോഡിലാണ് പുതിയ തകരാർ കണ്ടെത്തിയത്. പാലത്തിന്‍റെ ഘടനയ്ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

മുൻപ് അറ്റകുറ്റപ്പണി നടത്തിയ 20 മീറ്റർ ഭാഗത്തിന് സമീപമാണ് വീണ്ടും തകരാർ ഉണ്ടായത്. ഇതോടെ 220 മീറ്റർ നീളമുള്ള മുഴുവൻ അപ്രോച്ച് ഭാഗവും അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചു. കോറാരി ടോൾപ്ലാസയ്ക്ക് സമീപം ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവം ദേശീയപാത അതോറിറ്റിയുടെ അന്വേഷണ സമിതി പരിശോധിച്ചുവരികയാണ്.

logo
Metro Vaartha
www.metrovaartha.com