

ഗോവ നിശാക്ലബ് തീപിടിത്തം; ലൂത്ര സഹോദരന്മാർ തായ്‌ലൻഡിൽ പിടിയിൽ
ഫുക്കറ്റ്: ഗോവ നിശാക്ലബിലെ തീപിടിത്തത്തിൽ 25 പേർ കൊല്ലപ്പെട്ട കേസിൽ ക്ലബ് ഉടമസ്ഥരായ ലൂത്രസഹോദരങ്ങൾ തായ്‌ലൻഡിൽ പിടിയിലായതായി റിപ്പോർട്ട്. സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നിരെ കൈകൾ കെട്ടിയ നിലയിൽ പൊലീസ് സ്റ്റേഷനിലെത്തിച്ച ഫോട്ടോകൾ പുറത്തു വന്നിട്ടുണ്ട്. തീപിടിത്തമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ ഇരുവരും ഇന്ത്യ വിടുകയായിരുന്നു. ഡൽഹിയിൽ നിന്നുള്ള ഇരുവരുടെയും ഉടമസ്ഥതയിൽ നാല് രാജ്യങ്ങളിലായി 22 റോമിയോ ലെയ്ൻ ഔട്ട്ലെറ്റുകളാണുള്ളത്.
വടക്കൻ ഗോവയിലെ അർപ്പോറ ഗ്രാമത്തിലുള്ള ബിർച്ച് ബൈ റോമിയോ ലെയ്ൻ എന്ന ക്ലബിനാണ് തീ പിടിച്ചത്. ഇരുവർക്കുമെതിരേ മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. തായ്‌ലൻഡിലേക്ക് കടന്ന പ്രതികളെ എത്രയും പെട്ടെന്ന് നാടു കടത്താൻ ഇന്ത്യ സമ്മർദം ചെലുത്തിയിരുന്നു. ഇന്ത്യൻ അധികൃതർ തായ്‌ലൻഡിലെത്തി 24 മണിക്കൂറിനകം ഇരുവരെയും തിരിച്ചെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇരുവരുടെയും ബിസിനസ് പാർട്ണറായ അജയ് ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലൂത്ര സഹോദരന്മാർ നിലവിൽ മുൻകൂർ ജാമ്യത്തിനായി ഡൽഹി കോടതിയെ സമീപിച്ചിട്ടുണ്ട്. ബിസിനിസ് മീറ്റിങ്ങിനായി തായ്‌ലൻഡിലേക്ക് പോയിരിക്കുകയാണെന്നും അവിടെ വച്ചാണ് തീ പിടിത്തത്തെക്കുറിച്ച് അറിഞ്ഞതെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.