തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ അപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി

നിയമസഭാ തെരഞ്ഞെടുപ്പിൽ പെരമ്പൂരിൽ നിന്ന് 1,20,364 വോട്ടുകൾ നേടിയാണ് വിജയ് വിജയിച്ചത്.
Madras High Court rejects Tamil Nadu Chief Minister Vijay's plea

വിജയ്‌

Updated on: 

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പു വിജയത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി തള്ളണമെന്ന തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ അപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി. ടിവികെ സ്ഥാനാർഥിയായി വിജയ് മത്സരിച്ചു വിജയിച്ച പെരമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ഫലം ചോദ്യം ചെയ്തു കൊണ്ട് നാട്ടുകാരനായ എസ്. ദിനേശ് നൽകിയ ഹർജി തള്ളണമെന്നായിരുന്നു വിജയ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദിനേശിന്‍റെ ഹർജി പരിഗണിക്കാൻ അർഹമായ കാരണങ്ങൾ ഉണ്ടെന്ന് കോടതി വ്യക്തമാക്കി. വിജയ് സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചു വച്ചതായും കണക്കുകളിൽ പൊരുത്തക്കേടുകൾ ഉള്ളതായും ദിനേശിന്‍റെ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ വിചാരണയിലൂടെ മാത്രമേ വിലയിരുത്താൻ സാധിക്കൂ എന്നും കോടതി വ്യക്തമാക്കി.

2026 ജനുവരിയിൽ വിജയ് പൻരുട്ടിയിൽ 30 കോടി രൂപയ്ക്ക് 3 ഏക്കർ ഭൂമി വാങ്ങിയതും അടുത്ത മാസം വാണിജ്യ വസ്തു 35 കോടി രൂപയ്ക്ക് വിറ്റതും സത്യവാങ്മൂലത്തിൽ കാണിച്ചിട്ടില്ല എന്നാണ് ദിനേശിന്‍റെ ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. അതു പോലെ കൊടൈക്കനാലിലെ കാർഷികഭൂമിയെന്ന പേരിൽ വിജയ് രേഖപ്പെടുത്തിയിരിക്കുന്ന 50 സെന്‍റ് സ്ഥലം റവന്യു രേഖകളിൽ സർക്കാർ ഭൂമിയാണെന്നും ഇത്തരം വിവരങ്ങൾ മറച്ചു വെച്ചത് വോട്ടർമാരോടുള്ള അനീതിയാണെന്നും ആരോപണമുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ പെരമ്പൂരിൽ നിന്ന് 1,20,364 വോട്ടുകൾ നേടിയാണ് വിജയ് വിജയിച്ചത്. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്ന് മത്സരിച്ച് വിജയിച്ചെങ്കിലും പിന്നീട് വിജയ് ഈ സീറ്റിൽ നിന്ന് രാജി വച്ചു. ഇവിടെ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടില്ല. പെരമ്പൂരിലെ വിജയത്തെ ചോദ്യം ചെയ്ത് ആർ.ഡി. ശേഖർ, ടി.എൻ. ലക്ഷ്മി നരസിംഹൻ എന്നിവർ പ്രത്യേക ഹർജികൾ സമർപ്പിച്ചിട്ടുണ്ട്.