മഹാദേവ് ഓൺലൈൻ വാതുവയ്പ് ആപ് കേസ്; നടൻ രൺവീർ കപൂറിന് ഇഡി നോട്ടീസ്

കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരാണ് അറസ്റ്റിലായത്
Ranbir Kapoor
Ranbir Kapoor
Updated on: 

മുംബൈ: മഹാദേവ് ഓൺലൈൻ വാതുവയ്പ് ആപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ രൺബീർ കപൂറിന് ഇഡി നോട്ടീസ്. ഒക്‌ടോബർ 6 ന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ആപ്പിന്റെ പ്രമോഷനൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് രൺബീർ കപൂറിന് പേയ്‌മെന്റുകൾ ലഭിച്ചതായാണ് റിപ്പോർട്ട്. മഹാദേവ് വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി ബോളിവുഡ് താരങ്ങളും ഗായകരുമടക്കം നിരീക്ഷണത്തിലുള്ളതായി ഇഡി വ്യക്തമാക്കുന്നു.

ടൈഗർ ഷ്റോഫ്, സണ്ണി ലിയോണി തുടങ്ങി 17 ഓളം മുൻനിര ബോളിവുഡ് താരങ്ങളാണ് ഇഡിയുടെ നിരീക്ഷണത്തിലുള്ളത്. ആപ്പിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തേ കൊൽക്കത്ത, ഭോപ്പാൽ, മുംബൈ തുടങ്ങി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 417 കോടിയോളം രൂപ ഇഡി കണ്ടുകെട്ടിയിരുന്നു.

മാത്രമല്ല മഹാദേവ് ആപ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രകാറിന്‍റെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് 200 കോടിയോളം രൂപ‍യുടെ ഹവാല ഇടപാട് നടന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരാണ് അറസ്റ്റിലായത്. എഎസ്‌ഐ ചന്ദ്രഭൂഷൺ വർമ, ഹവാല ഇടപാടുകാരായ റായ്പുർ സ്വദേശികളായ സതീഷ് ചന്ദ്രകർ, അനിൽ ദമ്മാനി, സുനിൽ ദമ്മാനി എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ രാഷ്ട്രീയ ഉപദേഷ്ടാവ് വിനോദ് വർമയ്ക്കും പങ്കുണ്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.