മഹാരാഷ്ട്ര‍യിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ച് ഡോക്റ്റർമാർ; ഒപി സേവനങ്ങൾ മുടങ്ങിയേക്കും

മഹാരാഷ്ട്ര മെഡിക്കൽ കൗൺസിലിന് കീഴിൽ രജിസ്റ്റർ ചെയ്യാനും അലോപ്പതി മരുന്നുകൾ നിർദേശിക്കാനും ഹോമിയോപ്പതി ഡോക്റ്റർമാർക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തിനെതിരേയാണ് പണിമുടക്ക്
Maharashtra resident doctors begin indefinite strike over homoeopathy registration issue

മഹാരാഷ്ട്ര‍യിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ച് ഡോക്റ്റർമാർ; ഒപി സേവനങ്ങൾ മുടങ്ങിയേക്കും

representative image- Ai

Updated on

മുംബൈ: മഹാരാഷ്ട്രയിൽ സംസ്ഥാന വ‍്യാപകമായി അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ച് മഹാരാഷ്ട്ര അസോസിയേഷൻ ഓഫ് റസിഡന്‍റ് ഡോക്റ്റേഴ്സ് (എംഎആർഡി). മഹാരാഷ്ട്ര മെഡിക്കൽ കൗൺസിലിന് (എംഎംസി) കീഴിൽ രജിസ്റ്റർ ചെയ്യാനും അലോപ്പതി മരുന്നുകൾ നിർദേശിക്കാനും ഹോമിയോപ്പതി ഡോക്റ്റർമാർക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തിനെതിരേയാണ് പണിമുടക്ക്.

മോഡേൺ ഫാർമക്കോളജിയിൽ ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കുന്ന ഹോമിയോപ്പതി ഡോക്റ്റർ‌മാർക്ക് അലോപ്പതി മരുന്നുകൾ നിർദേശിക്കാൻ ഇക്കഴിഞ്ഞ ജൂൺ 30നാണ് എംഎഎംസി അനുമതി നൽകികൊണ്ട് ഉത്തരവിറക്കിയത്. ബിഎച്ച്എംഎസ്-സിസിഎംപി( ബാച്ചിലർ ഓഫ് ഹോമിയോപ്പതി മെഡിസിൻ ആൻഡ് സർജറി സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മോഡേൺ ഫാർമക്കോളജി) രജിസ്ട്രേഷൻ‌ നടപടികൾ കോടതിയുടെ അന്തിമ വിധി വരുന്നത് വരെ നിർത്തിവയ്ക്കണമെന്ന് എംഎആർഡി ആവശ‍്യപ്പെട്ടിരുന്നു.

വിഷയത്തിൽ സർക്കാരുമായും ബന്ധപ്പെട്ട അധികാരികളുമായും നിരവധി തവണ ചർച്ചകൾ നടത്തിയിട്ടും ബിഎച്ച്എംഎസ്-സിസിഎംപി നയം നടപ്പിലാക്കുന്നത് സംബന്ധിച്ച് തൃപ്തികരമായ ഉറപ്പ് ലഭിച്ചില്ലെന്നാണ് സംഘടന പറയുന്നത്. അർധരാത്രി മുതൽ സമരം ആരംഭിച്ചെന്നും നിലവിലെ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും സർക്കാർ ചർച്ചയ്ക്ക് തയാറാകാത്ത പക്ഷം 24 മണിക്കൂറിന് ശേഷം അത‍്യാഹിത വിഭാഗങ്ങൾ അടക്കമുള്ള സേവനങ്ങൾ നിർത്തിവയ്ക്കുമെന്ന് എംഎആർഡി പ്രസിഡന്‍റ് അഥർവ ഷിൻഡെ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

രോഗികളുടെ സുരക്ഷ മുൻനിർത്തി ആദ‍്യ 24 മണിക്കൂറിൽ അടിയന്തര സേവനങ്ങൾ തുടരുമെന്നും എന്നാൽ എല്ലാ ജില്ലകളിലെയും സർക്കാർ ആശുപത്രികളിലെ ഒപി സേവനങ്ങൾ, പതിവ് ജോലികൾ, അക്കാഡമിക് സേവനങ്ങൾ നിർത്തിവയ്ക്കുമെന്ന് സംഘടന ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇന്ത‍്യൻ മെഡിക്കൽ അസോസിയേഷൻ, ബിഎംസി എംഎആർഡി, അടക്കമുള്ള സംഘടനകൾ ഇതിനോടകം തന്നെ ഈ സമരത്തിന് പിന്തുണ നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com