

ജമ്മു റെയ്ൽവേ സ്റ്റേഷന് സമീപം വൻ തീപിടിത്തം
ജമ്മു: ജമ്മു റെയ്ൽവേ സ്റ്റേഷന് സമീപമുള്ള ശിവ് മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ 40 ഓളം കടകൾ കത്തിനശിച്ചു. ആളപായമില്ല. ഞായറാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.
അഞ്ച് മണിക്കൂറോളം തീ പടർന്നുപിടിച്ചതോടെ തിരക്കേറിയ വ്യാപാരകേന്ദ്രം തകർന്നു. ഭക്ഷ്യവസ്തുക്കൾ, ഡ്രൈ ഫ്രൂട്ട്സ്, പുതപ്പുകൾ എന്നിവ വിൽക്കുന്ന കടകളാണ് കൂടുതലായും കത്തിനശിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ഒരു കടയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു.
കാറ്റിൽ തീ വേഗത്തിൽ സമീപത്തെ കടകളിലേക്കും പടരുകയായിരുന്നു. മാർക്കറ്റിലേക്കുള്ള ഇടുങ്ങിയ വഴികൾ കാരണം അഗ്നിരക്ഷാസേനയ്ക്ക് ഇവിടേക്ക് എത്താൻ വലിയ വെല്ലുവിളിയായിരുന്നു. തീപിടിത്തമുണ്ടായ കടകളിലേക്ക് നേരിട്ട് എത്താൻ കഴിയാതിരുന്നതിനാൽ മാർക്കറ്റിന്‍റെ പിൻഭാഗത്തുകൂടിയാണ് അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമം നടത്തിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തിങ്കളാഴ്ച പുലർച്ചെ 3.15ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.