സമരത്തെ എതിർത്ത് എൽപിജി വിതരണക്കാരുടെ പ്രധാന സംഘടനകൾ; കമ്മിഷൻ വർധനയ്ക്ക് ചർച്ച വേണമെന്ന് ആവശ്യം

അർത്ഥവത്തായ ചർച്ചകളിലൂടെയാണ് പരിഹാരം കണ്ടെത്തേണ്ടതെന്നും പ്രതിസന്ധികൾക്കിടയിലും വീടുകളിലേക്കുള്ള എൽപിജി വിതരണം തടസമില്ലാതെ തുടരുമെന്നും സംഘടന വ്യക്തമാക്കി

Major LPG distributors' associations oppose the strike

സമരത്തെ എതിർത്ത് എൽപിജി വിതരണക്കാരുടെ പ്രധാന സംഘടനകൾ

Updated on: 

ന്യൂഡൽഹി: കമ്മിഷൻ വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തെയും അനിശ്ചിതകാല സമരത്തെയും എതിർത്ത് രാജ്യത്തെ പ്രധാന എൽപിജി വിതരണക്കാരുടെ സംഘടനകൾ. പൊതുമേഖലാ എണ്ണക്കമ്പനികളുമായും പെട്രോളിയം മന്ത്രാലയവുമായും ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് സംഘടനകളുടെ നിലപാട്.

രാജ്യത്തെ ഭൂരിഭാഗം എൽപിജി വിതരണക്കാരെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്ന ഫെഡറേഷൻ ഓഫ് എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫ് ഇന്ത്യ (എഫ്എൽഡിഐ), ഓൾ ഇന്ത്യ എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷൻ (എഐഎൽഡിഎഫ്) എന്നീ സംഘടനകളാണ് സമരാഹ്വാനത്തിൽ നിന്ന് വിട്ടുനിന്നത്. ചെറിയൊരു വിഭാഗം സംഘടനകൾ പ്രഖ്യാപിച്ച പ്രതിഷേധത്തെയും സമരത്തെയും പിന്തുണയ്ക്കുന്നില്ലെന്ന് ഇവർ വ്യക്തമാക്കി.

പ്രതിഷേധത്തിൽ പങ്കെടുക്കില്ലെന്ന് എഐഎൽഡിഎഫ് അറിയിച്ചു. അർത്ഥവത്തായ ചർച്ചകളിലൂടെയാണ് പരിഹാരം കണ്ടെത്തേണ്ടതെന്നും പ്രതിസന്ധികൾക്കിടയിലും വീടുകളിലേക്കുള്ള എൽപിജി വിതരണം തടസമില്ലാതെ തുടരുമെന്നും സംഘടന വ്യക്തമാക്കി.

ഗാർഹിക പാചകവാതക വിൽപനയ്ക്ക് വിതരണക്കാർക്ക് ലഭിക്കുന്ന കമ്മിഷൻ കഴിഞ്ഞ അഞ്ച് വർഷമായി മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, പ്രവർത്തനചെലവ് വർധിച്ചതായി വിതരണക്കാർ ചൂണ്ടിക്കാട്ടുന്നു. കമ്മിഷൻ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിതരണക്കാരുടെ സംഘടനകൾ എണ്ണക്കമ്പനികളുമായും പെട്രോളിയം മന്ത്രാലയവുമായും ചർച്ചകൾ നടത്തിവരികയാണ്. എന്നാൽ, ആവശ്യങ്ങൾ ഉന്നയിച്ച് ഒക്റ്റോബർ 26ന് ഡൽഹിയിൽ ഏകദിന ധർണ നടത്തുമെന്ന് എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൽഡിഎഐ) പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുമേഖലാ എണ്ണക്കമ്പനികളുടെ മാർക്കറ്റിങ് ഡയറക്റ്റർമാരുമായും മുതിർന്ന എൽപിജി ഉദ്യോഗസ്ഥരുമായും എഐഎൽഡിഎഫ് വീണ്ടും ചർച്ച നടത്തിയതായി സംഘടന അറിയിച്ചു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം, ഗെയിൽ, ഐജിഎൽ എന്നിവയുമായും ചർച്ചകൾ തുടരുകയാണ്. 2026 മാർച്ച് മുതൽ ഏപ്രിൽ, ജൂൺ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്റ്റോബർ മാസങ്ങളിൽ വിതരണക്കാരുടെ പ്രശ്നങ്ങൾ വിവിധ തലങ്ങളിൽ ഉന്നയിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.

എണ്ണക്കമ്പനികളുമായും മന്ത്രാലയവുമായും ചർച്ചകൾ തുടരുമെന്നും വിതരണക്കാരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുന്നതുവരെ ഇടപെടൽ തുടരുമെന്നും എഫ്എൽഡിഐ അറിയിച്ചു. പ്രതിഷേധത്തെയും അനിശ്ചിതകാല സമരത്തെയും പിന്തുണയ്ക്കുന്നില്ലെന്നും സംഘടന വ്യക്തമാക്കി.

ഒക്റ്റോബർ 21-ന് മുംബൈയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിനു പിന്നാലെയാണ് സംഘടനകളുടെ നിലപാട്. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുടെ മാർക്കറ്റിങ് ഡയറക്റ്റർമാർ, എക്സിക്യൂട്ടീവ് ഡയറക്റ്റർമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും എഐഎൽഡിഎഫ്, എഫ്എൽഡിഐ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com