'മാർച്ച് 15നു മുമ്പ് രാജ്യത്തുനിന്ന് സൈനികരെ പിൻവലിക്കണം': ഇന്ത്യയോട് മാലദ്വീപ്

മുഹമ്മദ് മുയിസുവിന്‍റെ ചൈന സന്ദർശനത്തിന് പിന്നാലെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.
'മാർച്ച് 15നു മുമ്പ് രാജ്യത്തുനിന്ന് സൈനികരെ പിൻവലിക്കണം': ഇന്ത്യയോട് മാലദ്വീപ്
Updated on

ന്യൂഡൽഹി: മാർച്ച് 15 ന് മുമ്പ് ഇന്ത്യൻ സർക്കാർ മാലദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് മാലദ്വീപ്. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിയുടെ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കത്തിനിടെയാണ് മാലദ്വീപ് പ്രസിഡന്‍റിന്‍റെ ഈ നീക്കം. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.

മാലദ്വീപ് മുൻ ഗവൺമെന്‍റിന്‍റെ അഭ്യർഥന പ്രകാരം വർഷങ്ങളായി മാലദ്വീപിൽ ഇന്ത്യൻ സൈനികരുടെ സാന്നിധ്യം ഉണ്ടായിരുന്നു. സമുദ്ര സുരക്ഷയ്ക്കും ദുരന്ത നിവാരണ സഹായത്തിനുമായിരുന്നു ഇന്ത്യൻ സൈനിക സഹായം മാലദ്വീപ് തേടിയത്. റിപ്പോർട്ട് പ്രകാരം നിലവിൽ 88 പേരടങ്ങുന്ന ഇന്ത്യൻ സൈന്യം മാലദ്വീപിലുണ്ട്. ഇവരോട് രാജ്യം വിടാനാണ് ഇപ്പോൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് വിദേശ സൈന്യമില്ലെന്ന് ഉറപ്പുവരുത്തുന്നതിന്‍റെ ഭാ​ഗമായാണ് തീരുമാനമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

2023 നവംബറിൽ, ഇന്ത്യയുമായുള്ള ബന്ധം വെട്ടിച്ചുരുക്കുന്നതിനും ചൈനയുമായുള്ള നയതന്ത്ര ബന്ധം വർധിപ്പിക്കുന്നതിനും മാലദ്വീപിന്‍റെ പ്രസിഡന്‍റ് മുയിസു ശ്രമിച്ചിരുന്നു. മുഹമ്മദ് മുയിസുവിന്‍റെ ചൈന സന്ദർശനത്തിന് പിന്നാലെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. പ്രസിഡന്‍റായി തിരഞ്ഞെടുത്ത ശേഷമുള്ള മുയിസുവിന്‍റെ ആദ്യ ചൈന സന്ദർശനമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മാലദ്വീപ് ജനങ്ങളുടെ ജനാധിപത്യപരമായ ആവശ്യത്തെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാലദ്വീപ് അറിയിച്ചു. മുയിസു പ്രസിഡന്‍റ് പദത്തിലേറിയതിന് പിന്നാലെ തന്നെ തന്‍റെ ഇന്ത്യ വിരുദ്ധ നിലപാടും വ്യക്തമാക്കുകയും ചൈനയോടടുക്കാനുള്ള താത്പര്യം പ്രകടമാക്കുകയും ചെയ്തിട്ടുള്ളതാണ്.

Trending

No stories found.

Latest News

No stories found.