

മല്ലികാർജുൻ ഖാർഗെ
ന‍്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് സമർപ്പിച്ച കുറ്റപത്രം ഡൽഹി കോടതി സ്വീകരിക്കാതിരുന്നതിനു പിന്നാലെ ബിജെപിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ‍്യന്തര മന്ത്രി അമിത് ഷായും രാജി വയ്ക്കണമെന്ന് ഖാർഗെ പറഞ്ഞു.
ഗാന്ധി കുടുംബത്തെ ഉപദ്രവിക്കുകയെന്നതാണ് നാഷണൽ ഹെറാൾഡ് കേസിന്‍റെ ലക്ഷ‍്യമെന്നും മോദിക്കും അമിത് ഷായ്ക്കുമേറ്റ തിരിച്ചടിയാണ് കോടതിയുടെ തീരുമാനെമന്നും ഖാർഗെ കൂട്ടിച്ചേർത്തു. 1938ൽ ആരംഭിച്ച പത്രമാണിതെന്നും എന്നാൽ ബിജെപി അതിനെ കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള കാര‍്യങ്ങളുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.
രാഷ്ട്രീയ നേട്ടതിനു വേണ്ടി പ്രതിപക്ഷ നേതാക്കൾക്കെതിരേ ഇഡി കേസുകൾ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബുധനാഴ്ച നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ഖാർഗെയുടെ പ്രസ്താവന.
അതേസമയം, നാഷണൽ ഹെറാൾഡ് കേസിൽ അന്വേഷണം തുടരണമെന്നായിരുന്നു കോടതി കഴിഞ്ഞ ദിവസം വ‍്യക്തമാക്കിയത്. കേസിൽ എഫ്ഐആർ എടുത്തിട്ടില്ലെന്നും ഇത് പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്തണമെന്നും കോടതി നിർദേശം നൽകിയിരുന്നു.
കഴിഞ്ഞ ഏപ്രിൽ 15ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരേ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് കൈവശപ്പെടുത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നായിരുന്നു ഇരുവർക്കുമെതിരേ ഉയർന്ന ആരോപണം. കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടിയുടെ ലാഭം രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സ്വന്തമാക്കിയെന്ന് ഡൽഹി റോസ് അവന‍്യൂ കോടതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ആരോപിച്ചിരുന്നു.