

ബ്രിഷ്ടി മുഖർജി
കോൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവൾ ആത്മഹത്യ ചെയ്തു. മമതയുടെ കസിൻ നിഹാർ മുഖർജിയുടെ മകൾ ബ്രിഷ്ടി മുഖർജി (28) ആണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച ബംഗാളിലെ ബിർബും ജില്ലയിലെ കുസുംബ ഗ്രാമത്തിലെ വീട്ടിലാണ് ബ്രിഷ്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ ഒന്നാമത്തെ നിലയിലായിരുന്നു മൃതദേഹം. പ്രൈമറി ടീച്ചർ റിക്രൂട്ട്മെന്‍റിൽ ക്രമക്കേടിലൂടെ ജോലി നേടിയതായി ബ്രിഷ്ടിക്കെതിരേ ആരോപണം ഉയർന്നിരുന്നു. പിന്നീട് റിക്രൂട്ട്മെന്‍റ് കോടതി റദ്ദാക്കിയതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടു. വിവാഹ മോചന നടപടികളിലൂടെ കടന്നുപോവുകയായിരുന്നു ബ്രിഷ്ടി. ബ്രിഷ്ടിയും ഭർത്താവും വിവാഹ മോചന ഹർജി നൽകിയിരുന്നു. തൃണമൂൽ കോൺഗ്രസിന്‍റെ രാംപുർഹാട്ട് ഐ ബ്ലോക്ക് പ്രസിഡന്‍റായിരുന്നു ബ്രിഷ്ടിയുടെ പിതാവ് നിഹാർ മുഖർജി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ബ്രിഷ്ടി വിഷാദ രോഗത്തിന് ചികിത്സയിലാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി രാംപുർഹാട്ട് സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ രാംപുർഹാട്ട് പൊലീസ് കേസെടുത്തു.