

മമത ബാനർജി.
കോൽക്കത്ത: മമത ബാനർജി മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കാൻ വിസമ്മതിച്ചതിനു പിന്നാലെ പശ്ചിമ ബംഗാളിലെ സർക്കാർ പിരിച്ചു വിട്ട് ഗവർണർ ആർ.എൻ.രവി. തൃണമൂൽ കോൺഗ്രസ് സർക്കാരിന്‍റെ കാലാവധി വ്യാഴാഴ്ച അർധരാത്രിയോടെ അവസാനിക്കുമെന്നിരിക്കേയാണ് ഗവർണറുടെ നടപടി. പൊതുജനങ്ങളെ ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള ഒരു കത്തും രാജ് ഭവൻ പുറത്തു വിട്ടു.
ഭരണഘടനയിലെ ആർട്ടിക്കിൾ 174 ക്ലോസ് (2) സബ് ക്ലോസ് (ബി) പ്രകാരമുള്ള അധികാരം പ്രകാരം പശ്ചിമബംഗാളിലെ നിയമസഭാ പിരിച്ചു വിടുന്നു.2026 മേയ് 7മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും കത്തിൽ ഉണ്ട്.
അഞ്ച് വർഷത്തെ കാലാവധി അവസാനിച്ചു കഴിഞ്ഞാൽ നിയമസഭ പിരിച്ചു വിടാനുള്ള അധികാരമാണ് ആർട്ടിക്കിൾ 172ലെ ക്ലോസുകൾ നൽകുന്നത്. അടുത്ത സർക്കാർ അധികാരത്തിലേറുന്നതു വരെ പിരിച്ചു വിട്ട മന്ത്രിസഭയിലെ മന്ത്രിമാർക്ക് കാവൽമന്ത്രിമാരായി തുടരാം.
മമത ബാനർജിയും തൃണമൂൽ കോൺഗ്രസും അപ്രതീക്ഷിതമായ തോൽവിയാണ് സംസ്ഥാനത്ത് ഏറ്റു വാങ്ങിയത്. എന്നാൽ തെരഞ്ഞെടുപ്പു കമ്മിഷൻ പക്ഷഭേദം കാണിച്ചുവെന്നും ബിജെപി 100 സീറ്റുകൾ മോഷ്ടിച്ചെടുത്തുവെന്നുമാണ് മമതയുടെ ആരോപണം. യഥാർഥത്തിൽ പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ പരാജയപ്പെട്ടിട്ടില്ല എന്നും അതു കൊണ്ടു തന്നെ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാൻ തയാറല്ല എന്നുമാണ് മമത പ്രഖ്യാപിച്ചിരുന്നത്. തെരഞ്ഞെടുപ്പു ഫലങ്ങളെ ചോദ്യം ചെയ്തു കൊണ്ട് കോടതിയെ സമീപിക്കുമെന്നും തൃണമൂൽ പ്രഖ്യാപിച്ചിട്ടുണ്ട്.