തൃണമൂൽ എംപി അഭിഷേക് ബാനർജിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; പൊലീസിനെ സമീപിച്ച് മമതാ ബാനർജിയുടെ സഹോദരൻ

രക്തദാന ക‍്യാംപ് സംഘടിപ്പിക്കുന്നത് തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപൻ ബാനർജി പൊലീസിൽ പരാതി നൽകിയത്
Mamata's brother approaches police against nephew Abhishek, seeks FIR over 'threats'

സ്വപൻ ബാനർജി, അഭിഷേക് ബാനർജി

Updated on: 

കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ‍്യപ്പെട്ട് പശ്ചിമ ബംഗാൾ മുൻ മുഖ‍്യമന്ത്രി മമതാ ബാനർജിയുടെ ഇളയ സഹോദരൻ പൊലീസിനെ സമീപിച്ചു. ഇളയ സഹോദരനായ സ്വപൻ ബാനർജിയാണ് രക്തദാന ക‍്യാംപ് സംഘടിപ്പിക്കുന്നത് തടസപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി കാളിഘട്ട് പൊലീസ് സ്റ്റേനിൽ പരാതി നൽകിയത്.

സംസ്ഥാനത്ത് 15 വർഷം നീണ്ടുനിന്ന തൃണമൂൽ കോൺഗ്രസ് ഭരണത്തിൽ ഭീഷണിയുടെയും ഭയപ്പെടുത്തലിന്‍റെയും സംസ്കാരം രൂപപ്പെട്ടുവെന്നും ബിജെപി അധികാരത്തിലെത്തിയ ശേഷവും അത് തുടർന്നുവെന്നും താൻ‌ അതിന്‍റെ സാക്ഷിയാണെന്നും സ്വപൻ ബാനർജി പറഞ്ഞു.

വിഷയത്തിൽ ഇതുവരെ അഭിഷേക് ബാനർജി പ്രതികരിച്ചിട്ടില്ല. ഏറെനാളുകളായി മമതാ ബാനർജിയുമായി അകൽച്ചയിലാണ് സ്വപൻ ബാനർജി. സംസ്ഥാനത്ത് ഇത്തവണ ഭരണം മാറിയതോടെ സ്വപൻ ബാനർജി ബിജെപിയുമായി കൂടുതൽ അടുക്കുന്നതായാണ് കാണാൻ സാധിക്കുന്നത്.

മുഖ‍്യമന്ത്രി സുവേന്ദു അധികാരിയെ അദ്ദേഹം തുടർച്ചയായി പ്രശംസിച്ചിരുന്നു. തന്‍റെ പ്രദേശത്ത് നടന്ന ദുർഗാ പൂജ ഉദ്ഘാടത്തിന് സ്വപൻ ബാനർജി മുഖ‍്യമന്ത്രിയെ ക്ഷണിക്കുകയും ചടങ്ങിനിടെ മുഖ‍്യമന്ത്രിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്‍റെ കാൽ തൊട്ട് വന്ദിക്കുകയും ചെയ്തിരുന്നു. ഇതോടെ സ്വപൻ ബാനർജി ബിജെപിയിലെത്തുമെന്ന പ്രചാരണം ശക്തമായെങ്കിലും അത് സംബന്ധിച്ച് ഔദ‍്യോഗിക തീരുമാനമൊന്നും ഉണ്ടായില്ല.