
ശുചിത്വ ജീവനക്കാർ മാലിന്യം തട്ടി; മരച്ചുവട്ടിൽ ഉറങ്ങിയിരുന്ന പച്ചക്കറി കച്ചവടക്കാരൻ മരിച്ചു
ബറേലി: ശുചിത്വ ജീവനക്കാർ അബദ്ധത്തിൽ മാലിന്യവും ചെളിയും തള്ളിയതിനു പിന്നാലെ ശ്മശാനത്തിനരികിലെ മരച്ചുവട്ടിൽ കിടന്നുറങ്ങിയിരുന്ന പച്ചക്കറി കച്ചവടക്കാരൻ മരിച്ചു. ഉത്തർപ്രദേശിലെ ശാന്തിപുർ സ്വദേശിയായ സുനിൽ കുമാർ പ്രജാപതിയാണ് മരിച്ചത്. 45 കാരനായ ഇയാൾ മദ്യലഹരിയിൽ ക്ഷീണിച്ചാണ് ശ്മശാനത്തിനരികിലെ മരച്ചുവട്ടിൽ കിടന്നുറങ്ങിയത്.
ട്രാക്റ്റർ ട്രോളിയിൽ മാലിന്യവുമായി എത്തിയ ശുചിത്വ ജീവനക്കാർ സുനിൽ കുമാർ കിടന്നുറങ്ങുന്നത് കണ്ടിരുന്നില്ല. മരച്ചുവട്ടിലേക്ക് ചെളിയും മാലിന്യവും നിക്ഷേപിച്ചതിനു ശേഷം ജീവനക്കാർ പോയി. ഏറെ നേരം കഴിഞ്ഞ് സ്ഥലത്തെത്തിയ സുനിൽ കുമാറിന്‍റെ മകനാണ് അച്ഛന്‍റെ മാലിന്യത്തിൽ മൂടിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബർദാരി പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുനിസിപ്പൽ കമ്മിഷണർ സഞ്ജീവ് കുമാർ മൗര്യയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.