

മംഗളൂരു-ബെംഗളൂരു വന്ദേഭാരത് സർവീസ് ശനിയാഴ്ച ആരംഭിക്കും
മംഗളൂരു: കർണാടകയിലെ തീരദേശ മേഖലയെയും സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പുതിയ മംഗളൂരു–ബെംഗളൂരു വന്ദേഭാരത് ട്രെയ്ൻ ശനിയാഴ്ച സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വളരെ പ്രധാനപ്പെട്ട സർവീസാണിതെന്നും കർണാടകയിലെ രണ്ട് പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുമെന്നും വെള്ളിയാഴ്ച മംഗളൂരുവിൽ ട്രെയ്ൻ പരിശോധിച്ചശേഷം അദ്ദേഹം പറഞ്ഞു.
ചുരം മേഖലയിലെ കുത്തനെയുള്ള പാതയുമായി ബന്ധപ്പെട്ട വെല്ലുവിളികളും വൈദ്യുതീകരണത്തിനും ട്രെയ്ൻ സർവീസിനും ആവശ്യമായ മാറ്റങ്ങളും പരിഹരിച്ചതായി മന്ത്രി അറിയിച്ചു. ഉഡുപ്പിയിൽ എഫ്എം ട്രാൻസ്മിറ്ററിന്റെ പ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു.
കൊങ്കൺ റെയ്ൽവേയെ ഇന്ത്യൻ റെയ്ൽവേയുമായി ലയിപ്പിക്കുന്നതിനുള്ള നിർദേശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. എന്നാൽ കേന്ദ്രത്തിന് പുറമേ ഓഹരി പങ്കാളികളായ മഹാരാഷ്ട്ര, ഗോവ, കർണാടക, കേരള എന്നീ സംസ്ഥാന സർക്കാരുകളുടെ സമ്മതവും ആവശ്യമാണ്. നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവരുടെ തീരുമാനത്തെ ആശ്രയിച്ചാണ് ലയനം നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
റെയ്ൽവേ പാത ഇരട്ടിപ്പിക്കൽ പ്രധാനമാണെന്നും ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അന്തിമ ലൊക്കേഷൻ സർവേയ്ക്കും വിശദമായ പദ്ധതി റിപ്പോർട്ടിനും അംഗീകാരം ലഭിച്ചിട്ടുണ്ട്. നിലവിലെ പാതയിൽ നേരിടുന്ന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ചുരം മേഖലയിൽ ചരിവ് കുറച്ചാണ് രണ്ടാം പാത രൂപകൽപ്പന ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.