
ദമ്പതികൾ തമ്മിലുള്ള കലഹം ആത്മഹത്യാ പ്രേരണയായി കണക്കാക്കില്ല
അലഹാബാദ്: ദമ്പതികൾ തമ്മിലുള്ള കലഹം ആത്മഹത്യാ പ്രേരണയായി കണക്കാക്കാൻ ആകില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഉത്തർപ്രദേശിലെ ഓറായ ജില്ലയിലുണ്ടായ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ സുപ്രധാനമായ പരാമർശം. ഭർത്താവ് ആത്മഹത്യ ചെയ്തതിനു പിന്നാലെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമതപ്പെട്ട യുവതിയെയും മാതാപിതാക്കളെയും കേസിൽ നിന്ന് വിമുക്തരാക്കിയിട്ടുമുണ്ട്. വിവാഹജീവിതത്തിൽ തർക്കവും കലഹവുമുണ്ടാകുന്നത് സാധാരണമാണെന്നും ദമ്പതികൾ തമ്മിലുള്ള പ്രശ്നം മൂലം പങ്കാളി ആത്മഹത്യ ചെയ്താലും അതിൽ പ്രേരണാക്കുറ്റം ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശിൽ നിന്നുള്ള രചനാദേവിയുടെ ഹർജിയിലാണ് സിംഗിൾ ജഡ്ജ് ബെഞ്ച് ജസ്റ്റിസ് സമീർ ജെയിന്‍റെ വിധി. 2022ലാണ് രചനാ ദേവിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തത്. രചനാ ദേവിയും അവരുടെ മാതാപിതാക്കളും ചേർന്ന് നിരന്തരമായി നടത്തിയ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണം എന്ന് ചൂണ്ടിക്കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ രചനാ ദേവിക്കെതിരേ കേസെടുത്തിരുന്നു.
ഭർത്താവിനെതിരേ രചനാ ദേവി സ്ത്രീധനപീഡനം ആരോപിച്ച് കേസ് കൊടുത്തിരുന്നുവെന്നും പിന്നീട് പ്രശ്നം പരിഹരിച്ചിട്ടും കേസ് പിൻവലിച്ചില്ലെന്നും പരാതിയിലുണ്ടായിരുന്നു. തനിക്കെതിരേയുള്ള എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രചനാ ദേവി സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും വിധി പ്രതികൂലമായിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.