വിവാഹിതനായ പുരുഷൻ ലിവ് ഇൻ റിലേഷനിൽ ഏർപ്പെടുന്നത് കുറ്റകരമല്ല: അലഹാബാദ് ഹൈക്കോടതി

നേത്രപാൽ വിവാഹിതനാണെന്നും അതു കൊണ്ട് അനാമികയ്ക്കൊപ്പം താമസിക്കുന്നത് കുറ്റകരമാണെന്നുമാണ് പ്രതിഭാഗം ചൂണ്ടിക്കാണിച്ചിരുന്നത്.
married man in consensual live in relationship is not a crime says Allahabad high court

അലഹാബാദ് ഹൈക്കോടതി

Updated on

ലക്നൗ: വിവാഹിതനായ പുരുഷൻ പ്രായപൂർത്തിയായ സ്ത്രീക്കൊപ്പം ഉഭയസമ്മതത്തോടെ ലിവ് ഇൻ റിലേഷനിൽ ഏർപ്പെടുന്നത് ശിക്ഷാർഹമല്ലെന്ന് അലഹാബാദ് ഹൈക്കോടതി വിധി. ഉത്തർപ്രദേശിലെ ഷാഹ്ജാൻപുർ നിവാസികളായ ലിവ് ഇൻ റിലേഷൻ പങ്കാളികൾ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർണായക വിധി. സമൂഹത്തിന്‍റെ അഭിപ്രായത്തെയും ധാർമികതയെയും അടിസ്ഥാനമാക്കിയല്ല കോടതി പൗരന്മാരുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. നേത്രപാൽ അനാമിക എന്നിവരുടെ ഹർജിയിലാണ് വിധി.

നേത്രപാൽ തന്‍റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി മറ്റൊരു സുഹൃത്തായ ധർമപാലിന്‍റെ സഹായത്തോടെ തന്‍റെ മകൾ അനാമികയെ കടത്തിക്കൊണ്ടു പോയെന്ന് കാണിച്ച് 2026 ജനുവരി 8ന് അനാമികയുടെ അമ്മ കാന്തി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. പതിനെട്ടു വയസുള്ള അനാമികയും നേത്രപാലും ഈ കേസിനെതിരേയാണ് കോടതിയെ സമീപിച്ചത്. നേത്രപാൽ വിവാഹിതനാണെന്നും അതു കൊണ്ട് അനാമികയ്ക്കൊപ്പം താമസിക്കുന്നത് കുറ്റകരമാണെന്നുമാണ് പ്രതിഭാഗം ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ കോടതി ഈ വാദം തള്ളി.

നേത്രപാലിനെയും അനാമികയെയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. അതുമാത്രമല്ല നേത്രപാലും അനാമികയും ഒന്നിച്ചു താമസിക്കുന്ന വീട്ടിലേക്ക് അനാമികയുടെ വീട്ടുകാർ പ്രവേശിക്കുന്നതിനെയും കോടതി വിലക്കി. ഇരുവരെയും നേരിട്ടോ ഫോണിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ ബന്ധപ്പെടുന്നതിൽ നിന്നും വീട്ടുകാരെ വിലക്കിയിട്ടുണ്ട്. ഹർജിക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പൊലീസാണെന്നും കോടതി വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com