

കടിച്ച പാമ്പിനെ പോക്കറ്റിലാക്കി ആശുപത്രിയിലെത്തി റിക്ഷാ ഡ്രൈവർ; ചികിത്സ വൈകിയെന്ന് ആരോപണം
മഥുര: കടിച്ച പാമ്പിനെ എടുത്ത് പോക്കറ്റിലിട്ട് ആശുപത്രിയിലെത്തി ഓട്ടോ റിക്ഷാ ഡ്രൈവർ. ഉത്തർപ്രദേശിലെ മഥുരയിൽ തിങ്കളാഴ്ചയാണ് സംഭവം. 39കാരനായ ദീപക്കാണ് പാമ്പുമായി ജില്ലാ ആശുപത്രിയിലെത്തിയത്. 1.5 അടി നീളമുള്ള മൂർഖൻ പാമ്പാണ് പോക്കറ്റിലുണ്ടായിരുന്നത്. ഇയാൾക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കി. മറ്റു രോഗികൾക്ക് അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ദീപക്കിനോട് എത്രയും പെട്ടെന്ന് പാമ്പിനെ പുറത്തു കളയാൻ ആവശ്യപ്പെട്ടുവെന്ന് ചീഫ് മെഡിക്കൽ സൂപ്രണ്ടന്‍റ് നീരജ് അഗർവാൾ വ്യക്തമാക്കി.
ഇ-റിക്ഷയുടെ ബാറ്ററി വാങ്ങുന്നതിനായി വൃന്ദാവനിലേക്ക് പോയിക്കൊണ്ടിരിക്കേ പോളിടെക്നിക് കോളെജിന് സമീപത്ത് വച്ച് പാമ്പ് കടിച്ചുവെന്നാണ് ദീപക് പറയുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിയിട്ടും തനിക്ക് ചികിത്സ ലഭിച്ചില്ലെന്നും ആശുപത്രിയിൽ യാതൊരു വിധ സൗകര്യങ്ങളും ഇല്ലെന്നുമാണ് ദീപക്കിന്‍റെ ആരോപണം.
ചികിത്സ വൈകിയതിനെതിരേ ദീപക് ആശുപത്രിക്ക് തൊട്ടു മുൻപിൽ ഇരുന്ന് പ്രതിഷേധിച്ചു. അതിനിടെയാണ് ജാക്കറ്റിനുള്ളിലെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പാമ്പിനെ ഇയാൾ പുറത്തു കാണിച്ചത്. പിന്നീട് ഡോക്റ്റർമാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് ദീപക്കിനെ ശാന്തനാക്കി പാമ്പിനെ മറ്റൊരു പെട്ടിയിലേക്ക് മാറ്റിയത്.