

വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്ന എൽപിജി ടാങ്കറിന് നേരെയുണ്ടായ മിസൈലാക്രമണത്തിൽ അപലപിച്ച് ഇന്ത്യ. പനാമയുടെ പതാകയേന്തിയ താര ഗ്യാസ് കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരിൽ 21 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നും പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഒരാളെ കാണാതായെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഒമാനിലെ ഇന്ത്യൻ എംബസി ഒമാൻ അധികൃതരുമായി ചേർന്ന് നടത്തുന്ന രക്ഷാപ്രവർത്തനം നിരീക്ഷിച്ചുവരുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കപ്പലുകൾക്ക് നേരെ ഈ മേഖലയിലുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ ആശങ്കാജനകമാണെന്നും വാണിജ്യ കപ്പലുകളെയും സാധാരണക്കാരായവരുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.