തൊഴിലുറപ്പ് പദ്ധതിക്കു പകരം വിബി-ജി റാം ജി; തൊഴിലാളികൾ ആശങ്കയിൽ

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയ കേന്ദ്ര സർക്കാർ അതിനു പകരം കൊണ്ടുവരുന്ന വിബി-ജി റാം ജി പദ്ധതിയെക്കുറിച്ച് ആശങ്കകളും അവ്യക്തതകളും
Vikasit Bharat 'Ji Ram Ji': Employment Guarantee Empowering Rural India

വികസിത് ഭാരത് 'ജി റാം ജി' പദ്ധതിയെക്കുറിച്ച് ആശങ്കകൾ.

Updated on

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടോളം രാജ്യത്തെ ഗ്രാമീണ മേഖലയ്ക്ക് കരുത്ത് പകർന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) കേന്ദ്ര സർക്കാർ നിർത്തലാക്കുന്നു.

പകരം 'വികസിത് ഭാരത്-ഗ്യാരന്‍റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ' (വിബി-ജി റാം ജി പദ്ധതി) എന്ന പുതിയ നിയമം ജൂലൈ ഒന്നിന് രാജ്യത്ത് നിലവിൽ വരും. ഈ മാറ്റം തൊഴിലാളികൾക്കിടയിൽ വലിയ ആശങ്കകൾക്കും അവ്യക്തതകൾക്കും കാരണമാകുന്നുണ്ട്.

ആശങ്കകൾ പലത്

  • കൂലി വിതരണത്തിൽ അവ്യക്തത: പുതിയ നിയമപ്രകാരം കൂലി വിതരണം എങ്ങനെയായിരിക്കും എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾക്കു ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.

  • ഫണ്ട് അനുവദിക്കൽ: ഓരോ സംസ്ഥാനത്തിനും ലഭിക്കുന്ന ഫണ്ട് വിഹിതത്തിൽ മാറ്റം വരുമോ, ഫണ്ട് അനുവദിക്കുന്നതിലെ മാനദണ്ഡങ്ങൾ എന്തായിരിക്കും തുടങ്ങിയ കാര്യങ്ങൾ അവ്യക്തമായി തുടരുന്നു.

  • പരാതി പരിഹാരം: നിലവിലുള്ള പരാതി പരിഹാര സംവിധാനങ്ങൾ പുതിയ നിയമത്തിൽ എങ്ങനെ പ്രവർത്തിക്കും എന്നതിനെക്കുറിച്ച് കരട് രൂപം പുറത്തു വരാനിരിക്കുന്നതേയുള്ളൂ.

മാറ്റം വരുമ്പോൾ ശ്രദ്ധിക്കേണ്ടത്

  1. ജോബ് കാർഡുകൾ: ഇ-കെവൈസി പൂർത്തിയാക്കിയ പഴയ കാർഡുകൾ തത്കാലം പുതിയ പദ്ധതിയിലും ഉപയോഗിക്കാം. എന്നാൽ, പുതിയ 'ഗ്രാമീൺ റോസ്ഗാർ ഗ്യാരന്‍റി കാർഡുകൾ' ലഭിക്കുന്നതു വരെ മാത്രമേ ഇതിന് കാലാവധിയുണ്ടാകൂ.

  2. രജിസ്ട്രേഷൻ: നിലവിൽ കാർഡ് ഇല്ലാത്തവർക്ക് പഞ്ചായത്ത് വഴി പുതിയ രജിസ്ട്രേഷൻ നടത്താമെങ്കിലും, മാറ്റത്തിന്‍റെ ഘട്ടത്തിൽ ഇത് എത്രത്തോളം സുഗമമാകുമെന്ന കാര്യത്തിൽ സംശയങ്ങളുണ്ട്.

  3. തൊഴിൽ തടസം: ജൂൺ 30 വരെയുള്ള ജോലികൾ പുതിയ പദ്ധതിയിലേക്ക് തടസമില്ലാതെ മാറ്റുമെന്ന് സർക്കാർ ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, സാങ്കേതിക മാറ്റങ്ങൾക്കിടയിൽ തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് തൊഴിലാളികൾ.

ഗ്രാമപഞ്ചായത്തുകളെ പദ്ധതിയുടെ ചാലകശക്തിയാക്കുമെന്നും, സുസ്ഥിര ഉപജീവന മാർഗങ്ങൾ സൃഷ്ടിക്കുമെന്നുമാണ് കേന്ദ്ര സർക്കാരിന്‍റെ അവകാശവാദം. എങ്കിലും, പുതിയ നിയമത്തിന്‍റെ കരട് രൂപം പുറത്തുവന്നാൽ മാത്രമേ സാധാരണക്കാരായ തൊഴിലാളികളുടെ ആശങ്കകൾക്ക് പരിഹാരമാകൂ.

logo
Metro Vaartha
www.metrovaartha.com