

അഹമ്മദാബാദിൽ ഭൂചലനം (പ്രതീകാത്മക ചിത്രം)
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ നേരിയ ഭൂചലനം. വ്യാഴാഴ്ച പുലർച്ചെ 4.39നാണ് റിക്റ്റർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം ഉണ്ടായത്. ആളപായമില്ല.
അഹമ്മദാബാദിൽ നിന്ന് 29 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് പ്രഭവകേന്ദ്രമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് അറിയിച്ചു. ഭൂചലനത്തിന്‍റെ തീവ്രത കുറവായിരുന്നതിനാൽ കാര്യമായ ആഘാതമുണ്ടായില്ല. നേരിയ പ്രകമ്പനം മാത്രമാണ് അനുഭവപ്പെട്ടത്. ജീവനോ സ്വത്തിനോ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഗുജറാത്ത് ഭൂകമ്പസാധ്യത വളരെ കൂടുതലുള്ള സംസ്ഥാനമാണെന്നും കഴിഞ്ഞ 200 വർഷത്തിനിടെ ഒമ്പത് വലിയ ഭൂകമ്പങ്ങൾ സംസ്ഥാനത്തെ ബാധിച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പറയുന്നു. 2001ൽ കച്ച് മേഖലയിൽ ഉണ്ടായ ഭൂകമ്പത്തിൽ 20,000 പേർ മരിക്കുകയും 1.66 ലക്ഷത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.