
തിരിച്ചടിക്കു പിന്നാലെ പാക്കിസ്ഥാനിൽ നിന്ന് വ്യാജവാർത്തകളുടെ പ്രവാഹം
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിനു പിന്നാലെ പാക്കിസ്ഥാനിൽ നിന്ന് വ്യാജവാർത്തകളുടെ പ്രവാഹം. പാക് മാധ്യമങ്ങൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും പാക് അധികൃതരുമെല്ലാം ഇതിൽ പങ്കാളികളാണ്. ഇത്തരം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് പ്രസ് ഇൻഫോർമേഷൻ ബ്യൂറോ മുന്നറിയിപ്പ് നൽകി.
ഓപ്പറേഷൻ സിന്ദൂർ നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇത്തരം വ്യാജവാർത്തകൾ പ്രവഹിച്ചത്. ഇന്ത്യയിൽ 15 ഇടങ്ങളിൽ പാക് ആക്രമണം നടത്തിയെന്നാണ് അതിൽ ഒരു വാർത്ത. ശ്രീ നഗർ എയർ ബേസ് പാക് വ്യോമസേന തകർത്തുവെന്നും ഇന്ത്യൻ ആർമിയുടെ ബ്രിഗേഡ് ഹെഡ് ക്വാർട്ടേഴ്സ് തകർത്തുവെന്നും വ്യാജപ്രചാരണമുണ്ട്.
പാക്കിസ്ഥാൻ വ്യോമസേന ഇന്ത്യൻ എയർബേസിനെ തകർത്തുവെന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. അത് വളരെ പഴയതാണ്, മാത്രമല്ല വീഡിയോയിലുള്ളത് ഇന്ത്യയുമല്ലെന്ന് പ്രസ് ഇൻഫോർമേഷൻ ബ്യൂറോ വ്യക്തമാക്കി.