ഇന്ദിരയുടെ റെക്കോഡ് തകർത്ത് മോദി

ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി
Modi breaks Indira's record

ഇന്ദിരയുടെ റെക്കോഡ് തകർത്ത് മോദി

Updated on

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന രണ്ടാമത്തെ വ്യക്തി എന്ന ഇന്ദിര ഗാന്ധിയുടെ റെക്കോഡ് ഒറ്റയടിക്കു മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റൊരു രാഷ്‌ട്രീയ നാഴികക്കല്ലു കൂടി പിന്നിട്ടു. ജവഹർലാൽ നെഹ്രുവിനു പിന്നിൽ ഇപ്പോൾ മോദി മാത്രം. ജൂലൈ 25ന് മോദി പ്രധാനമന്ത്രിയായി 4,078 ദിവസം പൂർത്തിയാക്കി. 1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ തുടർച്ചയായി 4,077 ദിവസം ഭരിച്ച ഇന്ദിരയുടെ കാലയളവ് മറികടന്നു. ഇന്ദിര 80ൽ വീണ്ടും പ്രധാനമന്ത്രിയായി, 1984ൽ സിഖ് അംഗരക്ഷകരാൽ കൊല്ലപ്പെടും വരെ സേവനമനുഷ്ഠിച്ചു.

ആദ്യ പ്രധാനമന്ത്രി നെഹ്‌റു 6,130 ദിവസം അധികാരത്തിലിരുന്നു. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി എന്ന റെക്കോഡ് ഇപ്പോഴും അദ്ദേഹം നിലനിർത്തുന്നു.

മോദിയുടെ രാഷ്‌ട്രീയ യാത്രയിലെ ചരിത്ര അധ്യായമാണ് ഈ നേട്ടം. 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ മോദി ഏതാണ്ട് 24 വർഷം തുടർച്ചയായി സംസ്ഥാന, ദേശീയ തലങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ നയിച്ചു. മറ്റൊരാൾക്കും കൈവരാത്ത നേട്ടമാണിത്.

ബ്രിട്ടനിൽ നിന്ന് ഇന്നലെ മാല ദ്വീപ് സന്ദർശനത്തിനെത്തിയ മോദി, 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷം ജനിച്ച ആദ്യത്തെ ഏക പ്രധാനമന്ത്രി എന്ന സവിശേഷ ബഹുമതിയും സ്വന്തമാക്കി. ഹിന്ദി സംസാരിക്കാത്ത ഒരു സംസ്ഥാനത്തു നിന്ന് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ വ്യക്തിയും അദ്ദേഹമാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന കോൺഗ്രസ് ഇതര നേതാവും കുറഞ്ഞത് രണ്ടു തവണയെങ്കിലും അധികാരത്തിലെത്തുന്ന ആദ്യ കോൺഗ്രസ് ഇതര നേതാവുമാണ് മോദി. സ്വന്തമായി വ്യക്തമായ ഭൂരിപക്ഷം നേടിയ ഒരേയൊരു കോൺഗ്രസ് ഇതര പ്രധാനമന്ത്രിയും, ഇന്ദിര ഗാന്ധിക്കു ശേഷം ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ആദ്യ സിറ്റിങ് പ്രധാനമന്ത്രിയുമാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളിൽ പാർട്ടിയെ തുടർച്ചയായി മൂന്നു ദേശീയ തെരഞ്ഞെടുപ്പ് വിജയങ്ങളിലേക്ക് നയിച്ചതും ഉൾപ്പെടുന്നു; നെഹ്‌റുവിനg മാത്രമേ മുമ്പ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

2014, 2019, 2024 എന്നീ വർഷങ്ങളിൽ തുടർച്ചയായി 3 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതിൽ മോദി നെഹ്‌റുവിനൊപ്പം എത്തിയിട്ടുണ്ടെങ്കിലും, തകർക്കപ്പെടാത്ത ഭരണത്തിന്‍റെ റെക്കോഡ് നെഹ്‌റുവിന്‍റെ പേരിലാണ്.

മുഖ്യമന്ത്രി എന്ന നിലയിലുള്ള കാലാവധി കണക്കാക്കുമ്പോൾ മോദി തുടർച്ചയായി 3 തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു- 2001ൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു, 2014ൽ 14ാമത് പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കും വരെ ആ പദവിയിൽ തുടർന്നു. പിന്നീട് രണ്ടു തവണ കൂടി പ്രധാനമന്ത്രിയായി.

മുൻ പ്രധാനമന്ത്രിമാരായ നെഹ്‌റു, ഇന്ദിര ഗാന്ധി, ഡോ. മൻമോഹൻ സിങ് എന്നിവർക്ക് അവരുടെ ഭരണകാലത്ത് രണ്ട് അന്താരാഷ്‌ട്രീയ ബഹുമതികൾ ലഭിച്ചെങ്കിൽ പശ്ചിമേഷ്യ മുതൽ യൂറോപ്പ്, ആഫ്രിക്ക വരെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട 24 ബഹുമതികൾ മോദിക്ക് ഇതുവരെ ലഭിച്ചു.

ബിജെപി നേതാവ് അടൽ ബിഹാരി വാജ്‌പേയി 3 തവണ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996ൽ 13 ദിവസം മാത്രം നീണ്ടുനിന്ന സർക്കാർ. 1998ൽ 13 മാസം അദ്ദേഹം സർക്കാരിനെ നയിച്ചു, പിന്നീട് അവിശ്വാസ പ്രമേയത്തിലൂടെ ഒരു വോട്ടിന് അത് പരാജയപ്പെട്ടു. 1999ൽ വീണ്ടും അധികാരത്തിലെത്തി മുഴുവൻ കാലാവധിയും പൂർത്തിയാക്കി. അഞ്ചുവർഷ കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസിതര സർക്കാർ വാജ്പേയിയുടേതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com