

file image
ഗുജറാത്ത്: കശ്മീരിനെ മുഴുവനായി ഇന്ത്യയോട് ചേർക്കാനായിരുന്നു പട്ടേലിന്‍റെ ആഗ്രഹമെന്നും അതിന് തടസം നിന്നത് ജവഹർലാൽ നെഹ്റുവായിരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രം എഴുതാനായി നാം സമയം കളയരുതെന്നും ചരിത്രം സൃഷ്ടിക്കാനായി നാം കഠിനാധ്വാനം ചെയ്യണമെന്നുമാണ് പട്ടേൽ വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ നർമദ ജില്ലയിൽ നടന്ന രാഷ്ട്രീയ ഏകതാ ദിവസ് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
"മറ്റ് നാട്ടു രാജ്യങ്ങളെ പോലെ തന്നെ കശ്മീരും ഇന്ത്യയുമായി ഒന്നിക്കണമെന്ന് പട്ടേൽ ആഗ്രഹിച്ചു. എന്നാലത് തടഞ്ഞത് നെഹ്റുവാണ്. കശ്മീരിനെ വിഭജിച്ച് പ്രത്യേക ഭരണ ഘടനയും പതാകയും നൽകി. കോൺഗ്രസിന്‍റെ ആ തെറ്റ് മൂലം രാജ്യം പതിറ്റാണ്ടുകളോളം കഷ്ടപ്പെട്ടു'', മോദി പറഞ്ഞു.
സർദാർ പട്ടേലിന്‍റെ നയങ്ങളും അദ്ദേഹം എടുത്ത തീരുമാനങ്ങളും ചരിത്രം സൃഷ്ടിച്ചു. സ്വാതന്ത്ര്യത്തിനുശേഷം 550ലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുക എന്ന അസാധ്യമായ ദൗത്യം പട്ടേൽ സാധ്യമാക്കി. ഒരു ഇന്ത്യ, മികച്ച ഇന്ത്യ എന്ന ആശയം അദ്ദേഹത്തിന് പരമപ്രധാനമായിരുന്നു. രാഷ്ട്രത്തെ സേവിക്കുന്നതാണ് തന്‍റെ ഏറ്റവും വലിയ സന്തോഷമാണെന്ന് പട്ടേൽ പറഞ്ഞിരുന്നുവെന്നും മോദി വ്യക്തമാക്കി.
