

ഹൈവേയിലേക്ക് കോപ്റ്ററിൽ പറന്നിറങ്ങി; അസമിൽ ഇഎൽഎഫ്, ചരിത്രം കുറിച്ച് മോദി|Video
മോറൻ: അസമിലെ ദേശീയ പാതയിലേക്ക് ഹെലികോപ്റ്ററിൽ പറന്നിറങ്ങി ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ എമർജൻസി ലാൻഡിങ് ഫെസിലിറ്റി(ഇഎൽഎഫ്)യിലേക്കാണ് പ്രധാനമന്ത്രി സി-130ജെ എന്ന എയർക്രാഫ്റ്റിൽ വന്നിറങ്ങിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇഎൽഎഫ് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിരുന്നു. അതിനു പിന്നാലെയാണ് അസമിലേക്കുള്ള ഏക ദിന സന്ദർശനത്തിന്‍റെ ഭാഗമായി ചാബുവ എയർഫീൽഡിൽ നിന്ന് യാത്ര ആരംഭിച്ച് ദേശീയ പാതയിൽ വന്നിറങ്ങിയത്.
100 കോടി രൂപ ചെലവഴിച്ചാണ് ഇഎൽഎഫ് നിർമിച്ചിരിക്കുന്നത്. 4.2 കിലോമീറ്ററിൽ മോറൻ ബൈപാസിൽ നിർമിച്ചിരിക്കുന്ന ഇഎൽഎഫിൽ യുദ്ധ വിമാനങ്ങൾ ഉൾപ്പെടെ വന്നിറങ്ങാവുന്ന വിധത്തിലുള്ള റൺവേ ഉണ്ട്. സാധാരണ പൗരന്മാർക്കും സൈന്യത്തിനും ഒരു പോലെ ഉപയോഗപ്രദമാകുന്ന വിധത്തിലാണ് ഇഎൽഎഫ് നിർമിച്ചിരിക്കുന്നത്. ദിബ്രുഗഡ് വിമാനത്താവളത്തിനു ബദലായും ഇഎൽഎഫ് പ്രയോജനപ്പെടുത്താം.
40 ടൺ വരെയുള്ള യുദ്ധ വിമാനങ്ങൾക്കും 74 ടൺ വരെയുള്ള യാത്രാ വിമാനങ്ങൾക്കും റൺവേയിൽ വന്നിറങ്ങാൻ സാധിക്കും. രാജസ്ഥാനിലെ ബാർമർ ജില്ലയിൽ 2021ലാണ് ആദ്യമായി ഇഎൽഎഫ് നിർമിച്ചത്.
അസമിലെ ഇഎൽഎഫിൽ പ്രധാനമന്ത്രി വന്നിറങ്ങിയതിനു ശേഷം 40 മിനിട്ട് നീണ്ടു നിൽക്കുന്ന എയർ ഷോയും സംഘടിപ്പിച്ചു.