
'ജയ് കേരളം, ജയ് ഭാരതം'; വിഴിഞ്ഞത്ത് കേരളത്തെ പുകഴ്ത്തിയും രാഷ്ട്രീയം പറഞ്ഞും മോദി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിനു സമർപ്പിച്ചു കൊണ്ടുള്ള പ്രസംഗത്തിൽ കേരളത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ഒരു ഭാഗത്ത് വിശാലസാധ്യതയുള്ള സമുദ്രവും, മറു ഭാഗത്ത് പ്രകൃതി രമണീയമായ പ്രദേശങ്ങളുമാണ്. ഇതിനിടയിലാണ് പുതുതലമുറ വികസനത്തിന്‍റെ മാതൃകയായി തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇതുവരെ 75 ശതമാനത്തിലധികം ട്രാൻസ്ഷിപ്പ്മെന്‍റ് രാജ്യത്തിനു പുറത്തുള്ള തുറമുഖങ്ങളിലാണ് നടന്നിരുന്നത്. ഇതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരുന്നത്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതോടെ ഇതിനു മാറ്റം വരുകയാണ്. ഇതു കേരളത്തിനും രാജ്യത്തിനും ജനങ്ങൾക്കും സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിനു സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. അനന്തപദ്മനാഭന്‍റെ മണ്ണിലേക്ക് വീണ്ടും വരാനായതിൽ സന്തോഷം എന്ന് മോദി പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ചു കൊണ്ട് രാഷ്ട്രീയം പറയാനും മോദി മടിച്ചില്ല എന്നതാണ് ശ്രദ്ധേയം. ആദിശങ്കരാചാര്യ ജയന്തി ദിനത്തിൽ അദ്ദേഹത്തിനു മുന്നിൽ ശിരസ് നമിക്കുന്നു എന്നും മോദി.
ഇന്ത്യ സഖ്യത്തിലെ ശക്തരായ നേതാക്കളാണ് പിണറായി വിജയനും ശശി തരൂരും. ഗൗതം അദാനി ഗുജറാത്തിൽ പോലും ഇത്രയും വലിയ തുറമുഖം നിർമിച്ചിട്ടില്ല. ഈ ചടങ്ങ് ഇന്ത്യ സഖ്യത്തിലെ പലരുടെയും ഉറക്കം കെടുത്തുന്നതാണെന്നും മോദി പറഞ്ഞു.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി പൂർത്തിയായിരിക്കുന്നത്. സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം നൽകണമെന്ന് അദാനിയെ ചൂണ്ടിപ്പറഞ്ഞത് ഒരു കമ്യൂണിസ്റ്റ് മന്ത്രിയാണെന്നും, ഇതു മാറുന്ന ഭാരതത്തിന്‍റെ സൂചനയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെയും അദ്ദേഹം അനുസ്മരിച്ചു.
കേരളം ലോക സമുദ്ര വാണിജ്യത്തിൽ മുൻപന്തിയിൽ എത്തുകയും വലിയ തോതിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യട്ടെ. അതിനായി കേന്ദ്രവും കേരളത്തിനൊപ്പം പ്രവർത്തിക്കും. നമുക്ക് ഒരുമിച്ച് വികസിത കേരളം പടുത്തുയർത്താം. ജയ് കേരളം, ജയ് ഭാരതം എന്ന വാക്കുകളോടെയാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.