

രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ഫോൺ ചോർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻസ്റ്റഗ്രാമിലെ ആസ്ക് മി സെഷനിലാണ് അദ്ദേഹത്തിന്‍റെ ആരോപണം. ആരോപണത്തെ പിന്തുണയ്ക്കുന്ന എല്ലാ തെളിവുകളും തന്‍റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി താനുമായി സംവാദത്തിൽ ഏർപ്പെട്ടു കഴിഞ്ഞാൽ പിന്നീട് പ്രധാനമന്ത്രിയുടെ ഓഫിസിൽ തുടരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്‍റിൽ തനിക്ക് സംസാരിക്കാനുള്ള അവസരം ലഭിക്കുന്നില്ല. തന്‍റെ മൈക്രോഫോൺ മിക്കവാറും സ്വിച്ച് ഓഫ് ആയിരിക്കും.
കാർഷിക ബിൽ, വോട്ട് ചോർച്ച, എസ്ഐആർ, ചൈനയുമായി ബന്ധപ്പെട്ട വിവാദം, എപ്സ്റ്റീൻ എന്നിവയിൽ ഒന്നും തനിക്ക് സംസാരിക്കാൻ അവസരം നൽകിയില്ല. ദീർഘമായ പ്രസംഗങ്ങളൊന്നും ആവശ്യമില്ല, നേർക്കു നേരെയുള്ള സംവാദമാണ് വേണ്ടതെന്നും രാഹുൽ പറഞ്ഞു. താനും മോദിയുമായുള്ള സംവാദത്തിന്‍റെ ജഡ്ജായി അദാനി ഗ്രൂപ്പ് ചെയർപേഴ്സൺ ഗൗതം അദാനിയെയോ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെയോ നിയമിച്ചാലും തനിക്കു പ്രശ്നമില്ല.
എങ്കിൽ പോലും സംവാദം നടത്തിയാൽ അദ്ദേഹം പിന്നീട് പ്രധാനമന്ത്രിയായി തുടരില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ പാർലമെന്‍റിലെ ചർച്ചകളിൽ നിന്ന് ഓടിയൊളിക്കുന്നയാളാണ് സംവാദത്തിന് ക്ഷണിക്കുന്നതെന്ന് ബിജെപി നേതാക്കൾ പരിഹസിക്കുന്നു. മോദിയുമായുള്ള സംവാദത്തിന് പാർലമെന്‍റിൽ ഇടമുണ്ടെന്നും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കുറച്ചു കൂടി ഉത്തരവാദിത്തം രാഹുൽ കാണിക്കണമെന്നും ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.