

മോഹൻ ഭാഗവത്
File photo
AI generated summary, newsroom reviewed
ന്യൂഡൽഹി: ഭിന്നതകൾ സ്വാഭാവികമാണെങ്കിലും ഓരോ ഇന്ത്യക്കാരനും ഒരൊറ്റ 'കുടുംബ'ത്തിലെ അംഗമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. രാജ്യം ലോകത്തെ ഏറ്റവും മികച്ച രാഷ്ട്രമായി മാറണമെന്നും 'രാഷ്ട്രം ആദ്യം' എന്ന തത്വത്തിലാണ് യുവാക്കൾ വിശ്വസിക്കുന്നതെന്നും ഡൽഹിയിൽ നടന്ന ആർഎസ്എസ് പരിപാടിയായ 'രാഷ്ട്ര വന്ദന'ത്തിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
ഓരോ ഇന്ത്യക്കാരനും ഒന്നാണെന്ന തിരിച്ചറിവ് വളരുകയാണ്. ഓരോ പൗരന്‍റെയും ഹൃദയത്തിൽ 'ഭാരത് വർഷ്' ഉയർന്നുവരികയാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി വിവിധ രാജ്യങ്ങളിൽ താനും മറ്റു ആർഎസ്എസ് പ്രവർത്തകരും നടത്തിയ സന്ദർശനങ്ങളെക്കുറിച്ച് പരാമർശിച്ച ഭാഗവത്, ഇന്ത്യയെയും ആർ.എസ്.എസിനെയും അതിന്‍റെ പ്രവർത്തനങ്ങളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് യാത്ര ചെയ്തതെന്ന് പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യ നിലനിൽക്കില്ലെന്നും രാജ്യം ഭരിക്കാൻ വീണ്ടും വിദേശികൾ വിളിക്കപ്പെടുമെന്നുമാണ് പാശ്ചാത്യ രാജ്യങ്ങളിലെ വിദഗ്ധർ കരുതിയിരുന്നത്. എന്നാൽ ഇന്ത്യ ജനാധിപത്യം ഇത്രത്തോളം സംരക്ഷിക്കുമെന്നും സാമ്പത്തികമായി ഇത്ര വലിയ വളർച്ച നേടുമെന്നും ആരും കരുതിയിരുന്നില്ല. ഹിന്ദുക്കൾക്ക് എങ്ങനെ ഇത്രയും ക്ഷമയുണ്ടാകുന്നുവെന്ന് പുതിയ തലമുറയ്ക്കായി പഠിക്കാൻ പാശ്ചാത്യ ലോകം ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്എസ് നൂറാം വർഷം പൂർത്തിയാക്കിയത് ആഘോഷമായല്ല, മറിച്ച് സമൂഹത്തിനായി കൂടുതൽ പ്രവർത്തിക്കാനുള്ള അവസരമായാണ് കണ്ടത്. വിമർശനങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ സത്യത്തിന്‍റെയും നീതിയുടെയും പാതയിൽ സഞ്ചരിക്കുകയാണ് തങ്ങളുടെ ദൃഢനിശ്ചയമെന്നും എല്ലാവരും ആ പാത പിന്തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യ വീണ്ടും 'വിശ്വഗുരു' സ്ഥാനത്തേക്ക് ഉയരണമെന്നത് ഓരോ പൗരന്‍റെയും ലക്ഷ്യമാകണമെന്നും ഭാഗവത് പറഞ്ഞു.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണിയിൽ ആർഎസ്എസ് ഡൽഹി ഘടകമാണ് 'രാഷ്ട്ര വന്ദനം' സംഘടിപ്പിച്ചത്. സംഘടനയുടെ 101-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി. മുൻ ചീഫ് ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹർ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ നിതിൻ നബീൻ, കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.