

ഇൻസ്റ്റ സുഹൃത്തിനൊപ്പം നാടുവിട്ട് നാല് കുട്ടികളുടെ അമ്മ; മക്കൾ കരഞ്ഞപേക്ഷിച്ചതോടെ തിരികെ വന്നു
ഗോരഖ്പുർ: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട സുഹൃത്തിനൊപ്പം നാടുവിട്ട യുവതി മക്കൾ അപേക്ഷിച്ചതിനെത്തുടർന്ന് തിരിച്ച് വീട്ടിലെത്തി. ഉത്തർപ്രദേശിലെ കാമ്പീർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പത്തു ദിവസം മുൻപാണ് 28കാരിയായ യുവതി നാലു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് മണിറാം മേഖലയിൽ നിന്നുള്ള ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടു വിട്ടത്. ഇരുവരും ഓൺലൈനിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീടത് പ്രണയമായി മാറുകയായിരുന്നു.
യുവതിയെ കാണാതായതോടെ കുടുംബാംഗങ്ങൾ അടുത്തുള്ള പ്രദേശത്തെല്ലാം തെരച്ചിൽ നടത്തി. അതിനിടെയാണ് പിപിഗഞ്ച് മേഖലയിൽ യുവതി കാമുകനൊപ്പം വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ശനിയാഴ്ച യുവതിയുടെ ഭർത്താവും മക്കളും കുറച്ചു ബന്ധുക്കളും പിപിഗഞ്ചിൽ എത്തി യുവതിയോട് തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ടു.
തുടക്കത്തിൽ ഈ ആവശ്യം യുവതി നിരസിച്ചു. ഒടുവിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മണിക്കൂറുകളോളം സംസാരിച്ചതോടെയാണ് കുട്ടികളുടെ നിരന്തരമായ നിർബന്ധത്തിനൊടുവിൽ യുവതി തിരികെ വീട്ടിലേക്ക് വരാൻ തീരുമാനിച്ചത്.