സിആർപിഎഫിൽ ലാൻസ് നായിക്, നായിക് റാങ്കുകൾ തിരിച്ചുകൊണ്ടുവരാൻ നീക്കം; അഗ്നിവീറുകളെയും പരിഗണിക്കുന്നു

ഇതുസംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിൽ സൈനിക സമ്മേളനങ്ങൾ സംഘടിപ്പിച്ച് ഉദ്യോഗസ്ഥരുടെയും ജവാന്മാരുടെയും അഭിപ്രായങ്ങൾ തേടാൻ സിആർപിഎഫ് ആസ്ഥാനത്ത് നിന്ന് നിർദേശം നൽകിയിട്ടുണ്ട്
Move to reintroduce Lance Naik and Naik ranks in the CRPF

സിആർപിഎഫിൽ ലാൻസ് നായിക്, നായിക് റാങ്കുകൾ തിരിച്ചുകൊണ്ടുവരാൻ നീക്കം

Updated on: 

ന്യൂഡൽഹി: 30 വർഷം മുൻപ് ഒഴിവാക്കിയ ലാൻസ് നായിക്, നായിക് റാങ്കുകൾ തിരിച്ചുകൊണ്ടുവരാൻ രാജ്യത്തെ ഏറ്റവും വലിയ അർധസൈനിക സേനയായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) ആലോചിക്കുന്നു. ജവാന്മാരുടെ സ്ഥാനക്കയറ്റത്തിലെ കാലതാമസം പരിഹരിക്കുന്നതിനും സൈന്യത്തിൽ നിന്ന് വിരമിക്കുന്ന അഗ്നിവീറുകൾക്ക് സേനയിൽ ചേരാനുള്ള അവസരം കൂടുതൽ ആകർഷകമാക്കുന്നതിനുമാണ് നീക്കമെന്ന് സിആർപിഎഫ് ശനിയാഴ്ച അറിയിച്ചു.

ഇതുസംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിൽ സൈനിക സമ്മേളനങ്ങൾ സംഘടിപ്പിച്ച് ഉദ്യോഗസ്ഥരുടെയും ജവാന്മാരുടെയും അഭിപ്രായങ്ങൾ തേടാൻ സിആർപിഎഫ് ആസ്ഥാനത്ത് നിന്ന് നിർദേശം നൽകിയിട്ടുണ്ട്. 1997ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവിലൂടെയാണ് സിആർപിഎഫിലെ ലാൻസ് നായിക്, നായിക് റാങ്കുകൾ ഒഴിവാക്കി യഥാക്രമം കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ റാങ്കുകളുമായി ലയിപ്പിച്ചത്. എന്നാൽ, കരസേനയിൽ ഈ റാങ്കുകൾ ഇപ്പോഴും നിലവിലുണ്ട്.

നിലവിലെ സംവിധാനമനുസരിച്ച് സിആർപിഎഫിൽ കോൺസ്റ്റബിളായി ചേരുന്ന ഒരാൾക്ക് അഞ്ച് വർഷത്തിനുശേഷം ആദ്യ സ്ഥാനക്കയറ്റവും പത്ത് വർഷത്തിനുശേഷം അടുത്ത സ്ഥാനക്കയറ്റവും ലഭിക്കേണ്ടതാണ്. തുടർന്ന് 20 വർഷത്തിനുള്ളിൽ ഹെഡ് കോൺസ്റ്റബിൾ റാങ്കിലെത്താം. എന്നാൽ, നിലവിൽ ഏകദേശം 3.25 ലക്ഷം അംഗങ്ങളുള്ള സേനയിൽ കോൺസ്റ്റബിളിന് ആദ്യ സ്ഥാനക്കയറ്റം ലഭിക്കാൻ ശരാശരി 22 മുതൽ 25 വർഷം വരെ വേണ്ടിവരുന്ന സാഹചര്യമാണുള്ളത്. ഇതുമൂലം ജവാന്മാർക്കിടയിൽ അതൃപ്തി ശക്തമാണ്.

ലാൻസ് നായിക്, നായിക് റാങ്കുകൾ പുനഃസ്ഥാപിക്കുന്നതിലൂടെ ഹെഡ് കോൺസ്റ്റബിൾ പദവിയിലെത്തുന്നതിന് മുൻപ് രണ്ട് അധിക സ്ഥാനക്കയറ്റങ്ങൾ നൽകാനാകുമെന്നാണ് അധികൃതർ പറയുന്നത്. ഇത് പരാതികൾ പരിഹരിക്കുന്നതിനൊപ്പം സേനാംഗങ്ങളുടെ ആത്മവീര്യം വർധിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സർക്കാരിന്‍റെ അഗ്നിപഥ് പദ്ധതിപ്രകാരം നാല് വർഷത്തെ സേവനത്തിനായി സൈന്യത്തിൽ നിയമിക്കപ്പെടുന്ന അഗ്നിവീറുകളുടെ ആദ്യ ബാച്ച് ഈ വർഷം അവസാനം വിരമിക്കാൻ തുടങ്ങും. ഇവർക്ക് സിആർപിഎഫ് ഉൾപ്പെടെയുള്ള കേന്ദ്ര സായുധ പൊലീസ് സേനകളിൽ (സിഎപിഎഫ്) ചേരാൻ അർഹതയുണ്ടാകും. ഈ സാഹചര്യത്തിൽ സിആർപിഎഫിലെ സേവനം കൂടുതൽ ആകർഷകമാക്കുന്നതും നീക്കത്തിന്‍റെ ലക്ഷ്യമാണെന്നാണ് വിലയിരുത്തൽ.

logo
Metro Vaartha
www.metrovaartha.com