
പ്രളയമേഖലാ സന്ദർശനം ഗ്രാമീണരുടെ ചുമലിലേറി; വിവാദമായി എംപിയുടെ സന്ദർശനം|Video
കൈത്താർ: ബിഹാറിലെ പ്രളയമേഖല സന്ദർശിക്കാനെത്തിയ കോൺഗ്രസ് എംപിയെ ചുമലിൽ ചുമന്ന് നടന്ന് ഗ്രാമീണർ. എംപി താരിഖ് അൻവാറിനെ ഗ്രാമീണൻ പുറത്തേറ്റി നടക്കുന്ന വിഡിയോ പുറത്തു വന്നതോടെ വിമർശനങ്ങൾ ശക്തമാകുകയാണ്. അതേ സമയം എംപിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാലാണ് ഒപ്പമുണ്ടായിരുന്നയാൾ പുറത്തു ചുമന്നതെന്നാണ് കോൺഗ്രസിന്‍റെ വാദം.
കൈത്താറിൽ നിന്നുള്ള എംപിയായ താരിഖ് തന്‍റെ മണ്ഡലത്തിലുണ്ടായ പ്രളയനാശം വിലയിരുന്നതുന്നതിനും നിരീക്ഷിക്കുന്നതിനുമായാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി എത്തിയത്. സന്ദർശനത്തിനായി ബോട്ടിലും ട്രാക്റ്ററിലും താരിഖ് സഞ്ചരിക്കുന്ന വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്.
അതിനൊപ്പമാണ് ഗ്രാമീണൻ എംപിയെ പുറത്തേറ്റി നടക്കുന്ന വിഡിയോ പുറത്തു വന്നിരിക്കുന്നത്. സന്ദർശനത്തിനിടെ ട്രക്ക് പണി മുടക്കിയതാണ് പ്രശ്നമായതെന്ന് കൈത്താർ ജില്ല കോൺഗ്രസ് പ്രസിഡന്‍റ് സുനിൽ യാദവ് പറയുന്നു. ചെളിയിലൂടെ രണ്ട് കിലോമീറ്ററോളം നടക്കേണ്ടതുണ്ടായിരുന്നു. കനത്ത ചൂടിൽ എംപിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെയാണ് ഗ്രാമീണർ സ്വന്തം ഇഷ്ടം പ്രകാരം അദ്ദേഹത്തെ ചുമലിലേറ്റി നടന്നതെന്നും യാദവ് പറയുന്നു.