

"ഗാർഹിക പീഡനമെന്ന് ആരോപിച്ചാൽ മാത്രം പോരാ, തെളിയിക്കണം"; യുവതിയുടെ ഹർജി തള്ളി കോടതി
ന്യൂഡൽഹി: ഗാർഹിക പീഡനക്കേസിൽ നിർണായക പരാമർശവുമായി ഡൽഹി കോടതി. ഗാർഹിക പീഡനം നേരിട്ടുവെന്ന് വെറുതേ ആരോപണം ഉന്നയിച്ചാൽ മാത്രം പോരാ അതിനെ പിന്തുണയ്ക്കുന്ന ഒരു തെളിവെങ്കിലും നൽകാൻ സാധിക്കണം, എങ്കിൽ മാത്രമേ നിയമപ്രകാരമുള്ള പരിഹാരം ലഭിക്കുകയുള്ളൂ എന്നാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഋഷിക ശ്രീവാസ്തവ പരാമർശിച്ചത്. ഭർത്താവിനും ഭർതൃപിതാവിനും ഭർത്താവിന്‍റെ ബന്ധുക്കൾക്കും എതിരേ ഗാർഹിക പീഡനം ആരോപിച്ചു കൊണ്ട് യുവതി നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഈ പരാമർശം. തെളിവുകളുടെ അഭാവത്തിൽ ഹർജി തള്ളി.
താൻ ശാരീരികമായും ലൈംഗികമായും വൈകാരികമായും പീഡിപ്പിക്കപ്പെട്ടുവെന്നും സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ ഹർജിയിൽ ആരോപിച്ചിരുന്നത്. 35 ലക്ഷം രൂപ നൽകിയില്ലെങ്കിൽ തന്‍റെ നഗ്ന ചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ടായിരുന്നു.
മാസം ജീവനാംശമായി 40,000 രൂപയും മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകൾ സമർപ്പിക്കാൻ കോടതി യുവതിക്ക് മൂന്ന് അവസരങ്ങൾ നൽകിയിരുന്നു. പക്ഷേ തെളിവുകൾ നൽകുന്നതിൽ അവർ പരാജയപ്പെട്ടു. ഇതേ തുടർന്നാണ് ഹർജി തള്ളിയത്.