

പ്രിയ സേത്ത്, ഹനുമാൻ പ്രസാദ്
അൽവാർ: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവർ തമ്മിൽ ജയിലിൽ വച്ച് പ്രണയത്തിലായതിനെത്തുടർന്ന് വിവാഹത്തിനായി പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ആളെ കൊലപ്പെടുത്തിയ പ്രിയ സേത്ത് (34) എന്നറിയപ്പെടുന്ന നേഹ സേത്തും കാമുകിയുടെ ഭർത്താവിനെയും മക്കളെയും ഉൾപ്പെടെ അഞ്ച് പേരെ കൊന്ന ഹനുമാൻ പ്രസാദും (29) തമ്മിലുള്ള വിവാഹത്തിനായാണ് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചിരിക്കുന്നത്. സംഗനേറിലെ തുറന്ന ജയിലിലാണ് ഇരുവരും ശിക്ഷ അനുഭവിച്ചിരുന്നത്.
അവിടെ വച്ചുള്ള പരിചയമാണ് വിവാഹത്തിലെത്തി നിൽക്കുന്നത്. വിവാഹത്തിനു വേണ്ടി പരോൾ വേണമെന്ന് ഇരുവരും കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പരോൾ കമ്മിറ്റിയെയാണ് കോടതി ചുമതലപ്പെടുത്തിയിരുന്നത്. കമ്മിറ്റിയുടെ ശുപാർശ പ്രകാരം ബുധനാഴ്ച മുതൽ ഇരുവർക്കും പരോൾ അനുവദിക്കുകയായിരുന്നു.പ്രസാദിന്‍റെ നാടായ അൽവാറിലെ ബറോദാമിയോയിൽ വച്ചാണ് വിവാഹം. കൊലക്കേസിൽ ഇരുവരും ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുകയാണ്.
വിവാഹിതയായ കാമുകിയുടെ ഭർത്താവിനെയും മക്കളെയും കൊന്നാണ് പ്രസാദ് ജയിലിലെത്തിയത്. സന്തോഷ് എന്നായിരുന്നു പ്രസാദിന്‍റെ പ്രണയിനിയുടെ പേര്. പ്രസാദിനേക്കാൾ പത്ത് വയസ് മുതിർന്ന യുവതി. 2017 ഒക്റ്റോബർ 2ന് സന്തോഷ് പ്രസാദിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി. ഭർത്താവിനെ കൊല്ലണമെന്നായിരുന്നു ആവശ്യം. ഇതു പ്രകാരം വീട്ടിലെത്തിയ പ്രസാദ് സന്തോഷിന്‍റെ ഭർത്താവ് ബൻവാരി ലാലിനെ അറുത്തു കൊന്നു. ഉറങ്ങിക്കിടന്നിരുന്ന മൂന്നു കുട്ടികളും അന്നു വീട്ടിലുണ്ടായിരുന്ന അനന്തരവനും ഉണർന്ന് ഭയന്ന് കരയാൻ തുടങ്ങിയതോടെ സന്തോഷിന്‍റെ ആവശ്യപ്രകാരം തന്നെ അവരെയും കൊന്നു.
2018ലാണ് മോഡൽ ആയി ജോലി ചെയ്തിരുന്ന പ്രിയ ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട യുവാവിനെ കൊന്നത്. ഡേറ്റിങ് ആപ്പ് വഴി പരിചയമുണ്ടാക്കി തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രിയയുടെയും അക്കാലത്തെ കാമുകന്‍റെയും സുഹൃത്തിന്‍റെയും പ്ലാൻ. ഇതു പ്രകാരം
ടിൻഡറിലൂടെ ദുഷ്യന്ത് സിങ്ങുമായി പരിചയപ്പെട്ടു. അയാളെ ബജാജ് നഗറിലെ ഫ്ലാറ്റിലേക്ക് വിലിച്ചു വരുത്തി തടവിലാക്കി. അയാളുടെ അച്ഛനോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. പക്ഷേ അയാൾക്ക് 3 ലക്ഷം രൂപ മാത്രമേ നൽകാൻ സാധിച്ചുള്ളൂ. സിങ്ങിനെ മോചിപ്പിച്ചാൽ അയാൾ പൊലീസിനെ അറിയിച്ച് തങ്ങളെ പിടികൂടുമെന്ന് ഭയന്നാണ് പ്രിയ സുഹൃത്ത് ലക്ഷ്യ വാലിയയ്ക്കൊപ്പം സിങ്ങിനെ കൊന്നത്. അതിനു ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ആമർ മലയ്ക്കു മുകളിൽ ഉപേക്ഷിച്ചു.മുഖം തിരിച്ചറിയാതിരിക്കാൻ മുഖത്ത് അനവധി മുറിവുകൾ വരുത്തിയിരുന്നു.
മേയ് 3ന് മൃതദേഹം കണ്ടെടുത്തതോടെയാണ് പ്രിയയും കാമുകൻ കമ്രയും സുഹൃത്ത് ലക്ഷ്യയും അറസ്റ്റിലായത്.
ഇരുവരുടെയും പരോളിനെ എതിർത്ത് പ്രിയസേത്ത് കൊലപ്പെടുത്തിയ ദുഷ്യന്ത് സിങ്ങിന്‍റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിട്ടുണ്ട്.