

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം സംഘടനകൾ
ലക്നൗ: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ജമിയത്ത് ഉലമ ഇ ഹിന്ദ് (അർഷാദ് മദനി വിഭാഗം) അധ്യക്ഷൻ മൗലാന അർഷാദ് മദനിയുടെ ആവശ്യത്തെ പിന്തുണച്ച് മുസ്‌ലിം സംഘടനകൾ. രാജ്യത്ത് ഗോഹത്യയുടെ പേരിൽ നടക്കുന്ന രാഷ്‌ട്രീയ ചൂഷണങ്ങൾക്കും ആൾക്കൂട്ടക്കൊലപാതകങ്ങൾക്കും മറ്റു സംഘർഷങ്ങൾക്കും ഇതുവഴി പരിഹാരമാകുമെന്നു വിവിധ സംഘടനകൾ പ്രതികരിച്ചു. ബക്രീദിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് പശുവിനെ ദേശീയ മൃഗമാക്കണമെന്നു മദനി ആവശ്യപ്പെട്ടതും മുസ്‌ലിം സംഘടനകൾ അതിനെ പിന്തുണച്ച് രംഗത്തെത്തുന്നതും.
മദനിയുടെ പ്രസ്താവനയെ പൂർണ മനസോടെ പിന്തുണയ്ക്കുകയാണെന്ന് അഖിലേന്ത്യാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ് മൗലാന ഷഹാബുദ്ദീൻ റിസ്‌വി പറഞ്ഞു. മുസ്‌ലിം സംഘടനകൾ ഇക്കാര്യത്തിൽ വിശാലമായ പൊതുധാരണയുണ്ടാക്കണം. അതിനായി ഡൽഹിയിൽ വൈകാതെ മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്ത് സംയുക്ത നിവേദനം തയാറാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നൽകുമെന്നും റിസ്‌വി അറിയിച്ചു.
പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യത്തെ താൻ പരസ്യമായി പിന്തുണയ്ക്കുന്നുവെന്ന് അഖിലേന്ത്യ ഖുറേഷി ജമാഅത്ത് പ്രസിഡന്‍റ് സിറാജ് ഖുറേഷി പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് തന്‍റെ സംഘടന ആവശ്യമെങ്കിൽ പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം. പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യം ന്യായമെന്ന് അഖിലേന്ത്യാ ഷിയാ വ്യക്തി നിയമബോർഡ് മൗലാന യസൂബ് അബ്ബാസും പറഞ്ഞു. സാങ്കേതികമായി ശരിയായ തീരുമാനമാണെന്നും സർക്കാർ ഇക്കാര്യത്തിൽ ആത്മാർഥമായ നടപടി സ്വീകരിക്കണമെന്നുമാണ് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് ഹയാത്ത് ഖാന്‍റെ പ്രതികരണം.