മുസ്ലിങ്ങൾ വോട്ട് ബാങ്ക്; വന്ദേമാതരത്തെ കോൺഗ്രസ് എതിർത്തത് പ്രീണന രാഷ്ട്രീയത്തിന്‍റെ പേരിൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

മുസ്ലിങ്ങളെയും ഹിന്ദുക്കളെയും തമ്മിൽ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും ആരോപണം
Madhya Pradesh Chief Minister Mohan Yadav

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

Updated on

ഓർച്ഛ (മധ്യപ്രദേശ്): മുസ്ലിംകളെ വോട്ട് ബാങ്കായി മാത്രം കാണുന്ന കോൺഗ്രസ്, പ്രീണന രാഷ്ട്രീയത്തിന്‍റെ ഭാഗമായി സ്വാതന്ത്ര്യത്തിന് മുൻപുതന്നെ ദേശീയഗാനമായ ‘വന്ദേമാതര’ത്തിലെ ചില പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയിരുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ആരോപിച്ചു. കോൺഗ്രസ് ഇപ്പോഴും അതേ നയം തുടരുകയാണെന്നും മോഹൻ യാദവ് പറഞ്ഞു. മധ്യപ്രദേശിലെ നിവാരി ജില്ലയിലെ ഓർച്ഛയിൽ തിങ്കളാഴ്ച നടന്ന സംസ്ഥാന ബിജെപി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിലും മധ്യപ്രദേശിലും ബിജെപി സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനും പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്‍റെ പ്രീണന രാഷ്ട്രീയത്തിനെതിരേ പ്രതികരിക്കാനും പാർട്ടി പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.

“മുസ്ലിം സമൂഹത്തിന്‍റെ വോട്ടുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തിയിട്ടുണ്ട്. എന്നാൽ അവരുടെ വികസനത്തിനായി ഒരിക്കലും പ്രവർത്തിച്ചിട്ടില്ല. അവരെ വെറും വോട്ട് ബാങ്കായി ഉപയോഗിക്കുകയായിരുന്നു”- യാദവ് പറഞ്ഞു.

മുസ്ലിം സമൂഹം കോൺഗ്രസിനെ അന്ധമായി വിശ്വസിച്ചിരുന്നുവെന്നും എന്നാൽ കോൺഗ്രസ് മുസ്ലിംകളെയും ഹിന്ദുക്കളെയും തമ്മിൽ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സ്വാതന്ത്ര്യത്തിന് മുൻപുതന്നെ വന്ദേമാതരത്തിലെ ചില ഭാഗങ്ങളെ കോൺഗ്രസ് എതിർത്തിരുന്നുവെന്നും ഇപ്പോഴും അതുതന്നെ തുടരുകയാണെന്നും യാദവ് പറഞ്ഞു.

നേരത്തെ വന്ദേമാതരത്തിന്‍റെ രണ്ട് ചരണങ്ങൾ മാത്രമാണ് പൊതുയോഗങ്ങളിലും ഔദ്യോഗിക ചടങ്ങുകളിലും ആലപിച്ചിരുന്നത്. എന്നാൽ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ എൻഡിഎ സർക്കാർ ദേശീയഗാനത്തിന്‍റെ പൂർണരൂപമായ ആറ് ചരണങ്ങൾക്കും നിയമപരമായ സംരക്ഷണം നൽകുന്ന ബിൽ പാസാക്കിയതായി യാദവ് പറഞ്ഞു.

അതേസമയം ഓഗസ്റ്റ് 15ന് കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. തുടർന്ന് ഓഗസ്റ്റ് 19ന് കോൺഗ്രസ് പ്രവർത്തക സമിതി പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിന്‍റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാൻ തീരുമാനിച്ചു. ഈ വിഷയത്തിൽ ബിജെപി കോൺഗ്രസിനെതിരേ ശക്തമായ വിമർശനം ഉന്നയിച്ചുവരികയാണ്. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായാണ് കോൺഗ്രസ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ബിജെപിയുടെ ആരോപണം.

logo
Metro Vaartha
www.metrovaartha.com