ഡിസംബർ 11, 12 തീയതികളിൽ നരേന്ദ്ര മോദി ക്യാനഡ സന്ദർശിക്കും

ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷനാണ് സന്ദർശന തീയതി സ്ഥിരീകരിച്ചത്
 Narendra Modi

നരേന്ദ്ര മോദി

Updated on: 

ഒട്ടാവ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 11, 12 തീയതികളിൽ ക്യാനഡ സന്ദർശിക്കും. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷനാണ് സന്ദർശന തീയതി സ്ഥിരീകരിച്ചത്.

ക്യാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും വ്യാഴാഴ്ച രാവിലെ കാൽഗറിയിലെ ഒരു റെസ്റ്റോറന്‍റിൽ സന്ദർശകരുമായി സംസാരിക്കുന്നതിനിടെ മോദിയുടെ സന്ദർശന തീയതി സ്ഥിരീകരിച്ചിരുന്നു. ടൊറന്‍റോയിലും ഒട്ടാവയിലുമായിരിക്കും സന്ദർശനമെന്നും പരിപാടി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുമെന്നും കാർണി പറഞ്ഞു.

ഇന്ത്യയും ക്യാനഡയും തമ്മിലുള്ള ബന്ധത്തിൽ കൈവരിച്ച അനുകൂല മുന്നേറ്റം കൂടുതൽ ശക്തമാക്കുന്നതിനും വ്യാപാരം, ഊർജം, സാങ്കേതികവിദ്യ, സുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ വ്യക്തമായ നേട്ടങ്ങൾ കൈവരിക്കുന്നതിനും ഇരു നേതാക്കളും ധാരണയിലെത്തിയതായി ഇന്ത്യൻ ഹൈക്കമ്മിഷൻ സമൂഹ മാധ്യമ കുറിപ്പിൽ അറിയിച്ചു.

ഇന്ത്യ-ക്യാനഡ ബന്ധത്തിൽ അനുകൂലമായ മുന്നേറ്റമുണ്ടായെന്നും തന്ത്രപ്രധാന പങ്കാളിത്തത്തിന്‍റെ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുമെന്നും മോദി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. കാർണിയുമായി ഊഷ്മളവും ഫലപ്രദവുമായ സംഭാഷണം നടത്തിയതായി എക്സിലെ കുറിപ്പിൽ അദ്ദേഹം പറഞ്ഞു. കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ലോകത്തിനായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) സംബന്ധിച്ച ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചതായി കാർണിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 2030ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനുള്ള ശ്രമങ്ങൾക്ക് കരാർ പിന്തുണയേകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com