

സാമ്പത്തിക പശ്ചാത്തലവും വിവേചനത്തിന് കാരണം; പുതിയ നിർവചനവുമായി എൻസിഇആർടി
NCERT - Representative Image
ന്യൂഡൽഹി: വിവേചനത്തിന് പുതിയ നിർവചനം നൽകി എൻസിഇആർടി. എട്ടാം ക്ലാസിലെ സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലാണ് ഈ മാറ്റം. ജാതി, മതം, ലിംഗം, സമ്പത്തിക പശ്ചാത്തലം എന്നിവ വിവേചനത്തിന് കാരണമാവും എന്നാണ് പാഠപുസ്തകത്തിൽ നൽകിയിരിക്കുന്നത്.
സാമ്പത്തിക ചുറ്റുപാടിന്‍റെ പേരിലുള്ള മാറ്റിനിർത്തൽ നിയമവിരുദ്ധമാണെന്നും പാഠപുസ്തകത്തിൽ പരാമർശിക്കുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമത്വത്തിനായി യുജിസി പുറത്തിറക്കിയ വിവേചനത്തിന് എതിരായ മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് മാറ്റം. 'എക്‌സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്' എന്ന പാഠഭാഗത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
"ജാതി, മതം, വംശം, വൈകല്യം, ശാരീരിക രൂപം, ലിംഗഭേദം, ലൈംഗികത അല്ലെങ്കിൽ സാമ്പത്തിക പശ്ചാത്തലം എന്നിവയുടെ പേരിൽ ഏതെങ്കിലും വ്യക്തിയെയോ ഗ്രൂപ്പിനെയോ മോശമായി കാണുകയും അവരോട് മോശമായി പെരുമാറുകയും ചെയ്യുന്നതാണ് വിവേചനം. ഇത് അധാർമികം മാത്രമല്ല, നിയമപരമായി നിരോധിച്ചതുമാണ്," എന്നാണ് "പൗരത്വം: അവകാശങ്ങളും കടമകളും" എന്ന അധ്യായത്തിൽ പറയുന്നത്.