മണ്ഡല പുനർനിർണയ ബില്ലിൽ നിലപാട് മാറ്റി എൻസിപി (എസ്പി); ഇന്ത്യാ സഖ്യ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സുപ്രിയ സുലെ

കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച മണ്ഡല പുനർനിർണയ ബില്ലിന് അംഗീകാരം നൽകിയതോടെയാണ് എൻസിപി (എസ്പി)യുടെ നിലപാട് മാറ്റം വ്യക്തമായത്
Supriya Sule

സുപ്രിയ സുലെ 

Updated on: 

മുംബൈ: മണ്ഡല പുനർനിർണയ ബില്ലിൽ കോൺഗ്രസിന്‍റെ നിലപാടിൽ നിന്ന് വ്യത്യസ്തമായി ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപി (എസ്പി) നിലപാട് സ്വീകരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബില്ലിനെ പിന്തുണയ്ക്കാനുള്ള നീക്കത്തിന് പിന്നാലെ പാർട്ടി ദേശീയ വർക്കിങ് പ്രസിഡന്‍റ് സുപ്രിയ സുലെ പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന്‍റെ ശനിയാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് സൂചന. പിതാവ് ശരദ് പവാറിന്‍റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് സുപ്രിയ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.

കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച മണ്ഡല പുനർനിർണയ ബില്ലിന് അംഗീകാരം നൽകിയതോടെയാണ് എൻസിപി (എസ്പി)യുടെ നിലപാട് മാറ്റം വ്യക്തമായത്. പാർട്ടിയുടെ എംപിമാരുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായാണ് കോൺഗ്രസിനൊപ്പം ബില്ലിനെ എതിർക്കുന്നതിൽ നിന്ന് മാറി പിന്തുണയ്ക്കാനുള്ള നീക്കമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

കഴിഞ്ഞ ഏപ്രിലിൽ ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത പാർട്ടി ആറ് മാസത്തിനിടെ നിലപാട് മാറ്റിയതിന് പിന്നിൽ രാഷ്ട്രീയ അതിജീവനത്തിനുള്ള ആശങ്കകളാണെന്നാണ് വിലയിരുത്തൽ. മേയിൽ തൃണമൂൽ കോൺഗ്രസിൽനിന്ന് 20 എംപിമാരും ജൂണിൽ ശിവസേന (യുബിടി)യിൽനിന്ന് ആറ് എംപിമാരും ഭരണപക്ഷത്തേക്ക് മാറിയതും ഡിഎംകെ കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചതും എൻസിപി (എസ്പി)യെ സ്വാധീനിച്ചു.

വികസന ഫണ്ടുകൾ ലഭിക്കാത്തതിനാൽ സർക്കാരിനൊപ്പം ചേരാതെ പാർട്ടിയിൽ തുടരാനാകില്ലെന്ന് ചില എംപിമാർ നേതൃത്വത്തെ അറിയിച്ചതായി മുതിർന്ന നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ വോട്ടർമാരോട് മറുപടി പറയേണ്ടിവരുമെന്നും വികസന പ്രവർത്തനങ്ങളിലെ മോശം പ്രകടനത്തെ ന്യായീകരിക്കാനാകില്ലെന്നുമാണ് എംപിമാരുടെ ആശങ്ക.

നവംബർ 30 മുതൽ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ചേരുമെന്ന് കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി എംപിമാർ സമ്മേളനത്തിൽ പങ്കെടുക്കണമെന്നും പാർട്ടി നിലപാട് പിന്തുടരണമെന്നും നിർദേശിച്ച് എൻസിപി (എസ്പി) വിപ്പ് പുറപ്പെടുവിച്ചിരുന്നു.